എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിസൗഹൃദ കാമ്പസാകുന്നു

Posted on: 12 Sep 2015



കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജിനെ വിദ്യാര്‍ഥിസൗഹൃദ കാമ്പസ്സാക്കാന്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ടി.എ. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ കാമ്പസ്സിനെ പൂര്‍ണമായും സമരവിമുക്തമാക്കാനും തത്വത്തില്‍ ധാരണയായി. സപ്തംബര്‍ അവസാനവാരം പി.ടി.എ. മെമ്പര്‍മാരും വിദ്യാര്‍ഥിപ്രതിനിധികളും ഉള്‍പ്പെടുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗംചേര്‍ന്ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. അതോടെ എല്‍.ബി.എസ്സിലെ എല്ലാവിധ വിദ്യാര്‍ഥിസമരങ്ങളും വിദ്യാര്‍ഥികളുടെ പഠനത്തെയോ പഠനാന്തരീക്ഷത്തെയോ ബാധിക്കാത്തരീതിയില്‍ നിശ്ചിതസമയ പ്രതിഷേധമായി മാത്രം നടത്തും. കാമ്പസ്സിനുള്ളിലെ സമരവും പഠിപ്പുമുടക്കുകളും വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെയും റിസള്‍ട്ടിനെയും സാരമായി ബാധിക്കുന്നു എന്നുള്ളത് വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടതാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥിപ്രതിനിധികളെ പ്രേരിപ്പിച്ചത്.
കേരള സാങ്കേതിക സര്‍വകലാശാല നിലവില്‍വന്നതിനുശേഷമുള്ള ആദ്യ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ ഏറ്റവുമധികം അഡ്മിഷന്‍നേടി ഒന്നാംസ്ഥാനത്ത് നില്ക്കുന്നത് എല്‍.ബി.എസ്. സെന്ററിന് കീഴിലുള്ള കോളേജുകളാണ് (88%). കോളേജ് മാനേജ്‌മെന്റിന്റെയും പി.ടി.എ.യുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ സഹായവുമാണ് എല്‍.ബി.എസ്സിനെ ഈരീതിയില്‍ മെച്ചപ്പെടുത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

More Citizen News - Kasargod