ചെര്‍ക്കള-കല്ലടുക്ക റോഡ് തകര്‍ന്നു; ബി.ജെ.പി. റോഡ് ഉപരോധിച്ചു
Posted on: 11 Sep 2015
ബദിയഡുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളായതോടെ ഗതാഗതം ബുദ്ധിമുട്ടായി. റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. എന്മകജെ പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിച്ചു.
ചെര്‍ക്കളയില്‍നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിയായ അടുക്കസ്ഥലവരെയുള്ള 29 കിലോമീറ്റര്‍ റോഡാണ് അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകര്‍ന്നുകിടക്കുന്നത്.
ചെര്‍ക്കള, എടനീര്‍, ബദിയടുക്ക, പള്ളത്തടുക്ക, നല്ക്ക, അടുക്കസ്ഥല എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്ന് വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ആറുകോടിരൂപ ചെലവില്‍ എട്ടുവര്‍ഷംമുമ്പ് മെക്കാഡം ടാറിങ് നടത്തിയിരുന്നു. പിന്നീട് കുഴിയടക്കല്‍ മാത്രമാണ് നടന്നത്. ഒരുവര്‍ഷത്തിലധികമായി അതും മുടങ്ങിക്കിടപ്പാണ്.
പുത്തൂര്‍, ധര്‍മസ്ഥല, െബംഗളൂരു എന്നിവടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന പാതയായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. കുഴികള്‍ വെട്ടിച്ചുള്ള വാഹയാത്ര പലപ്പോഴും അപകടത്തിനിടയാക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. ഇളകിനില്‍ക്കുന്ന കരിങ്കല്‍ച്ചീളുകളും ഭീഷണിയാണ്.
പെര്‍ള ചെക്പോസ്റ്റിന് സമീപത്താണ് ബി.ജെ.പി. റോഡ് ഉപരോധിച്ചത്. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി മന്ത്രിക്ക് നിവേദനംനല്‍കിയിരുന്നു. എന്നാല്‍, നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം. സമരം ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുരളീധര യാദവ് ഉദ്ഘാടനംചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, സതീഷ് മൂഡിത്തായ, സദാശിവ ഭട്ട്, സി.പ്രസാദ്, പുഷ്പ അമേക്കള എന്നിവര്‍ നേതൃത്വംനല്കി.