ടാക്സ് എഫേര്‍ട്ട് ഫണ്ട് ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ക്ക് ലഭിച്ചില്ല
Posted on: 11 Sep 2015
കാസര്‍കോട്: നികുതിപിരിവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കുന്ന ടാക്സ് എഫേര്‍ട്ട് ഫണ്ട് എട്ട് പഞ്ചായത്തുകള്‍ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ അനുവദിച്ച 1.51 കോടി രൂപയുടെ ഫണ്ടാണ് ട്രഷറി മുഖാന്തരം എട്ട് പഞ്ചായത്തുകളിലേക്ക് മാറ്റാനാകാതെ ലാപ്സായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം തുകയനുവദിച്ച ജില്ലയിലെ 27 പഞ്ചായത്തുകളില്‍ 19 പഞ്ചായത്തുകള്‍ക്ക് തുക ലഭിച്ചപ്പോള്‍ എട്ടെണ്ണത്തിന് മുടങ്ങുകയായിരുന്നു. ഈ ഫണ്ട് മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ ആവിഷ്കരിച്ച പഞ്ചായത്തുകള്ക്കിത് തിരിച്ചടിയായി.
കാസര്‍കോട് സബ് ട്രഷറി പരിധിയില്‍വരുന്ന പുത്തിഗെ, കുമ്പഡാജെ, കാറഡുക്ക, ദേലംപാടി, മധൂര്‍, മൊഗ്രാല്‍-പുത്തൂര്‍, ബദിയഡുക്ക, കുമ്പള പഞ്ചായത്തുകള്‍ക്കാണ് തുക മുടങ്ങിയത്. പുത്തിഗെ-16.95 ലക്ഷം, കുമ്പഡാജെ-23.83 ലക്ഷം, കാറഡുക്ക-12.11 ലക്ഷം, ദേലംപാടി-16.15 ലക്ഷം, മധൂര്‍-19.56, മൊഗ്രാല്‍-പുത്തൂര്‍-9.77 ലക്ഷം, ബദിയഡുക്ക-19.74 ലക്ഷം, കുമ്പള-33.18 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കേണ്ടത്.
സര്‍ക്കാറില്‍നിന്ന് ലഭിച്ച ഈ ഫണ്ട് പഞ്ചായത്ത് ഫണ്ടിലേക്ക് മാറ്റേണ്ടത് ട്രഷറി മുഖാന്തരമാണ്. മാര്‍ച്ച് 30-നുള്ളില്‍ അലോട്ട്മെന്റ് ട്രഷറിയില്‍ ലഭിക്കണം. അവസാന തീയതിക്കുശേഷം വരുന്ന അലോട്ട്മെന്റ് സ്വീകരിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് തുക മാറ്റാന്‍ കഴിയാതിരുന്നതെന്ന് കാസര്‍കോട് സബ് ട്രഷറി അധികൃതര്‍ അറിയിച്ചു. തീയതിക്കുശേഷം ലഭിച്ചവ ആയതിനാല്‍ ഈ എട്ട് പഞ്ചായത്തുകളുടെ അലോട്ട്െമന്റ് മടക്കുകയായിരുന്നുവെന്നും ട്രഷറി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 31-ന് മറ്റ് ട്രഷറികളില്‍ നല്കിയ 19 പഞ്ചായത്തുകളുടെ അലോട്ട്മെന്റ് സ്വീകരിച്ചിരുന്നു.
കൂടുതല്‍ നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് നല്കുന്ന 'അവാര്‍ഡ്' ആണ് ഈ തുക. എന്നാല്‍ ജില്ലയിലെ 38 പഞ്ചായത്തുകളില്‍ 27 എണ്ണത്തിന് മാത്രമേ തുക ലഭിച്ചുള്ളൂ. തുക നല്‍കിയതിന്റെ മാനദണ്ഡം വ്യക്തമല്ല.