മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖനിര്‍മാണം തുടങ്ങി
Posted on: 11 Sep 2015
മഞ്ചേശ്വരം: മഞ്ചേശ്വരം മത്സ്യബന്ധനതുറമുഖം യാഥാര്‍ഥ്യമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും ചേര്‍ന്ന് ഒരുവര്‍ഷംമുമ്പാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ നിര്‍മാണം വൈകി. റീ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിച്ചത് ജനങ്ങളില്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. വടക്ക് 490 മീറ്റര്‍ നീളത്തിലും തെക്ക് 530 മീറ്റര്‍ നീളത്തിലും രണ്ട് പുലിമുട്ടുകളും 100 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലേലപ്പുര, ലോഡിങ് ഏരിയ, 50,000 ഘനമീറ്റര്‍ ഡ്രഡ്ജിങ്റിക്ലൂറേഷന് എന്നിവ ഉള്‍പ്പെടുന്നതാണ് തുറമുഖം. 32 കോടി രൂപയാണ് ടെന്‍ഡര്‍. 48.80 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. രണ്ടരവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലായിരത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. വേബ്രിഡ്ജിന്റെയും ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസിന്റെയും ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുറസാഖ് നിര്‍വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷയായിരുന്നു. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഷ്റത്ത് ജഹാന്, മഞ്ചേശ്വരം ഹാര്‍ബര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.വി.ബാലകൃഷ്ണന്, അസി. എന്‍ജിനീയര്‍ രാഗേഷ് എന്നിവര്‍ സംബന്ധിച്ചു.