അജാനൂര്‍ മത്സ്യബന്ധന തുറമുഖം; സര്‍വേ തുടങ്ങി
Posted on: 10 Sep 2015
കാഞ്ഞങ്ങാട്: അജാനൂര്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിനുമുന്നോടിയായി എന്‍ജിനീയറിങ് സര്‍വേ തുടങ്ങി. പുണെ സെന്‍ട്രല്‍ വാട്ടര്പവര് റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖ നിര്‍മാണത്തിനു മുന്നോടിയായി ചിത്താരിപ്പുഴയിലെ നീരൊഴുക്കാണ് ഇപ്പോള്‍ തിട്ടപ്പെടുത്തുന്നത്. വേലിയേറ്റസമയമുള്പ്പെടെ 25 മണിക്കൂര്‍ നേരത്തെ പരിശോധന എന്‍ജിനീയര്‍മാര്‍ നേരിട്ടാണ് നടത്തുന്നത്. കാലവര്‍ഷത്തിന്റെ അവസാന നാളുകളിലെ നീരൊഴുക്കിന്റെ സ്ഥിതിയാണ് വിലയിരുത്തുന്നത്. പുഴയിലെ നീരൊഴുക്കിന്റെ കണക്ക് ഇറിഗേഷന്‍ വകുപ്പ് അധികൃതരില്‍നിന്ന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വാട്ടര്‍ പവര്‍ സ്റ്റേഷനിലെ എന്‍ജിനീയര്‍മാര്‍ നേരിട്ട് സര്‍വേ നടത്തുന്നത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അജാനൂരില്‍ മത്സ്യബന്ധന തുറമുഖം വേണമെന്നത് വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണ്. ചെറുവത്തൂര്‍ തുറമുഖം അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. മഞ്ചേശ്വരം തുറമുഖം വൈകാതെ തുറന്നുകൊടുക്കും. കാസര്‍കോട് തുറമുഖത്തിന്റെ പണി പുരോഗമിച്ചുവരികയാണ്. അജാനൂര്‍ തുറമുഖംകൂടി യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകും.
എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെയും സഹായം ലഭിക്കുന്നതായി സര്‍വേയ്ക്ക് നേതൃത്വം നല്കുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ് പറഞ്ഞു. എന്‍ജിനീയര്‍മാരായ രാജേഷ്, ബിനോ ആല്‍ബര്‍ട്ട് എന്നിവരാണ് സര്‍വേ നടത്തുന്നത്.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ.യും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുറുംബാ ഭഗവതിക്ഷേത്ര സ്ഥാനികരും സര്‍വേ സംഘവുമായി സംസാരിച്ചു.