ബളാല്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ സാക്ഷരതാപ്രവര്‍ത്തനം ആരംഭിച്ചു
Posted on: 10 Sep 2015
കാസര്‍കോട്: ലോകസാക്ഷരതാദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാരായ നിരക്ഷരര്‍ താമസിക്കുന്ന ബളാല്‍ പഞ്ചായത്തില്‍ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സഹായത്തോടെ ജില്ലാ സാക്ഷരതാമിഷന്‍ സമ്പൂര്‍ണ സാക്ഷരതാപ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ നിരക്ഷരരായ മുഴുവന്‍പേരെയും അടുത്ത ആറുമാസംകൊണ്ട് അക്ഷരം പഠിപ്പിച്ച് സാക്ഷരരാക്കി അവരുടെ ജീവിതഗുണനിലവാരം ഉയര്‍ത്തും. ഇവിടെ 167 നിരക്ഷരരെ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണി മുതല്‍ ആറുമണിവരെയാണ് ക്ലാസുകള്‍ നടത്തുക. ഇതിനായി അധ്യാപകരെ സാക്ഷരതാമിഷന്‍ നിയമിച്ചു.
ക്ലാസുകളുടെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്തിലെ മാലോം കമ്യൂണിറ്റിഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പഠിതാക്കള്‍ക്ക് പുസ്തകംനല്കി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈസമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു. റിസോഴ്സ് സെന്റര്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ.പി.ബൈജു പദ്ധതി വിശദീകരിച്ചു. ഡയറ്റ് ലക്ചറര്‍ കെ.ജനാര്ദനന്മാസ്റ്റര് സാക്ഷരതാദിനസന്ദേശം നല്കി. സിബിച്ചന് പുളിങ്കാലാ, മോന്‍സി ജോയി, താഹിറ ബഷീര്‍, വി.സി.ദേവസ്യ, തോമസ് ചാക്കോ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ, എന്‍.ബാബു, സി.സി.ഗിരിജ എന്നിവര്‍ സംസാരിച്ചു.