ബാങ്ക് വായ്പാ പരാതികളില്‍ ഉടന്‍ തീര്പ്പുകല്പിക്കണം -മനുഷ്യാവകാശ കമ്മീഷന്
Posted on: 10 Sep 2015
കാസര്‍കോട്: ബാങ്ക് വായ്പകള്‍ സംബന്ധിച്ച പരാതികളില്‍ സര്‍ക്കാര്‍ ഉടന്‍ തീര്‍പ്പ് കല്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. ഗവ. ഗസ്റ്റ്ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മീഷന് സിറ്റിങ്ങില്‍ ബാങ്ക് വായ്പകള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് സംബന്ധമായ നാല് പരാതികളാണ് കമ്മീഷന് മുന്നില്‍ വന്നത്. വായ്പതുക മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും ജപ്തി നോട്ടീസ് കിട്ടിയ ചെറുവത്തൂരിലെ അജിതയുടെ പരാതി കമ്മീഷന് തീര്പ്പുകല്പിച്ചു. നോട്ടീസ് അയച്ച ബാങ്കിന്റെ പ്രതിനിധി കമ്മീഷന് മുന്നില്‍ ഹാജരായി തെറ്റുപറ്റിയതാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹരിച്ചത്.