എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം- കളക്ടര്‍

Posted on: 10 Sep 2015കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനിക്കു പിന്നാലെ എലിപ്പനി മരണവും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി കളക്ടറുടെ ചേംബറില്‍ നടത്തിയ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. പനി, ശരീരവേദന, കാല്‍വണ്ണവേദന, കണ്ണിന് ചുവപ്പ്, അമിതക്ഷീണം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ള രോഗികള്‍ ഉടന്‍ ചികിത്സ തേടണം. സര്‍ക്കാര്‍ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു സര്‍ക്കാര്‍ ആസ്​പത്രികളിലും ചികിത്സാ സൗകര്യം ലഭ്യമാണ്.
രോഗം കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് മരണസംഖ്യ വര്‍ധിക്കാനിടയാക്കുന്നത്. എല്ലാത്തരം എലികളും രോഗകാരികളാണ്. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് രോഗകാരികള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. മുറിവുകളിലൂടെയും മറ്റുമാണ് രോഗം പിടിപെടുന്നത്. കാലുറകളും കൈയുറകളും ധരിച്ച് ജോലി ചെയ്യുന്നതും പ്രതിരോധമാര്‍ഗമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പനിവരാന്‍ സാധ്യതയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ പ്രതിരോധഗുളികകള്‍ ആഴ്ചകള്‍ തോറും കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. എലികള്‍ വളരാനുള്ള സാഹചര്യം തടയുകയും പരിസര ശുചീകരണത്തിന് പ്രഥമ പരിഗണന നല്‍കുകയും വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യവകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമവകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം ജില്ലയില്‍ നാലുപേര്‍ മരിച്ചു. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 448 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1085 പേര്‍ക്കാണ് രോഗലക്ഷണം കണ്ടത്. ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേരുടെ മരണം ഇക്കാരണത്തിലാണെന്ന്് സംശയിക്കുന്നു. 17 പേരില്‍ രോഗലക്ഷണം കണ്ടെത്തിയതില്‍ നാല് പേരില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. യോഗത്തില്‍ െഡപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ. മോഹനന്‍ ,ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Kasargod