നടുവൊടിക്കും യാത്രയ്ക്ക് പരിഹാരമാകാതെ മലയോര ജനത

Posted on: 10 Sep 2015രാജപുരം: നടുവൊടിക്കും യാത്രയ്ക്ക് പരിഹാരമാകാതെ മലയോരജനത. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍വരെയുള്ള ഭാഗമാണ് വാഹനയാത്രയ്ക്ക് ദുരിതമാകുന്നത്. ചുള്ളിക്കര ഡോണ്‍ബോസ്‌കോയ്ക്ക് സമീപവും കള്ളാര്‍ മുണ്ടോട്ട് പാലത്തിന് സമീപവും മാസങ്ങളായി റോഡ് തകര്‍ന്ന നിലയിലാണ്. കൂടാതെ, പനത്തടി മുതല്‍ പാണത്തൂര്‍വരെയുള്ള ഭാഗങ്ങളും തകര്‍ന്നിട്ട് കാലങ്ങളായി. റോഡ് പൊട്ടിപ്പൊളിഞ്ഞതും കുഴികളില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതും ഇരുചക്ര വാഹനങ്ങളുള്‍െപ്പടെ അപകടത്തില്‍പ്പെടാന്‍ കാരണമാവുന്നു. സംസ്ഥാനപാതയില്‍ ഏഴാംമൈല്‍ വരെയുള്ള ഭാഗം മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളില്‍ മഴക്കാലമാകുന്നതിന് മുമ്പേ കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തുമെങ്കിലും മഴയെത്തുന്നതോടെ ഇത് തകരും. ആവശ്യത്തിന് ഓവുചാലില്ലാത്തതാണ് റോഡ് തകരാന്‍ കാരണം. ജില്ലയിലെ തിരക്കേറിയ സംസ്ഥാനപാതയായിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്തസ്സംസ്ഥാന പാതയായതിനാല്‍ എളുപ്പത്തില്‍ കര്‍ണാടകയിലേക്കെത്താന്‍ വിനോദസഞ്ചാരികളടക്കം ആശ്രയിക്കുന്ന പാത കൂടിയാണിത്. റോഡ് ശോച്യാവസ്ഥയിലായതോടെ തലക്കാവേരി, മടിക്കേരി, മൈസൂരു, െബംഗളൂരു തുടങ്ങിയ കര്‍ണാടകയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റും സഞ്ചരിക്കുന്ന യാത്രക്കാരാണ് പലപ്പോഴും വഴിയില്‍ കുടുങ്ങുന്നത്. അന്തസ്സംസ്ഥാന പാതയില്‍ ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍വരെയുള്ള 29 കിലോമീറ്റര്‍ ദൂരം മെക്കാഡം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Kasargod