മയ്യിച്ചയില്‍ റോഡ് സുരക്ഷാ നടപടി തുടങ്ങി
Posted on: 09 Sep 2015
ഒടുവില്‍ അപകടത്തുരുത്തില് അധികൃതരെത്തി
ചെറുവത്തൂര്‍: തുടരെത്തുടരെ അപകടം നടക്കുന്ന ദേശീയപാത മയ്യിച്ചയില്‍ റോഡ്സുരക്ഷാ പ്രവൃത്തിക്ക് വേഗം കൂട്ടാന്‍ നടപടി തുടങ്ങി. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. മിനി എന്നിവര്‍ ചൊവ്വാഴ്ച മയ്യിച്ചയിലെത്തി അപകടകാരണങ്ങള്‍ വിലയിരുത്തി. ഇനിയൊരപകടത്തിന് കാക്കാതെ യുദ്ധകാലാടിസ്ഥാനത്തില്‍ സുരക്ഷാ പ്രവൃത്തി നടത്താന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
തലപ്പാടി മുതല്‍ കാലിക്കടവുവരെ ദേശീയപാതയില്‍ റോഡുസുരക്ഷാ പ്രവൃത്തി കരാറെടുത്ത ജാസ്മിന് ഗ്രൂപ്പിനാണ് പ്രവൃത്തിയുടെ ചുമതല. കരാറുകാരന് ടി.എ.മുഹമ്മദ് ജാനിഷിനും സ്ഥലത്തെത്തി. അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ട പ്രവൃത്തിയെ കുറിച്ച് റവന്യൂ, പൊതുമരാത്ത് വകുപ്പ് അധികൃതര്‍ കരാറുകാരന് നിര്‍ദേശം നല്കി. ദേശീയപാതയില്‍ കാര്യങ്കോട് പാലം മുതല്‍ മയ്യിച്ച ചെറിയ പാലംവരെ കിഴക്ക്ഭാഗത്ത് വീതികൂട്ടുന്ന പ്രവൃത്തി ഉടന്‍ തുടങ്ങും.
റോഡ് വീതികൂട്ടി സുരക്ഷാമതില്‍ പണിയുക, റിഫ്ലക്ടര്‍ സ്ഥാപിക്കുക, ഹമ്പ് പണിയുക, സംരക്ഷണ മതില് പണിയുക, റോഡരികിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റി ക്രോസിങ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റോഡ് സുരക്ഷാ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
മയ്യിച്ച അപകടത്തിലെ ജീവിക്കുന്ന രക്തസാക്ഷി രജീഷ്(19) അപകടത്തുരുത്തിലെത്തിയ ജില്ലാ ഭരണാധികാരികള്‍ക്ക് മുന്നിലെത്തി തന്റെ പ്രയാസങ്ങള്‍ അറിയിച്ചു. രജീഷിന് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ ഉറപ്പു നല്കി. കഴിഞ്ഞ ജൂലായ് 26ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ വലതുകൈ നഷ്ടപ്പെട്ട രജീഷ് ഇപ്പോഴും ചികിത്സ
യിലാണ്. നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചാണ് ചികിത്സാച്ചെ
ലവ് കണ്ടെത്തുന്നത്.