കുഡ്‌ലു കവര്‍ച്ച: ബാങ്കിന് മുന്നില്‍ ആശങ്കയോടെ ജനം

Posted on: 09 Sep 2015ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു:
കുഡ്‌ലു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആശങ്കയുടെ പകലായിരുന്നു. ഇടപാടുകാരുടെ പ്രതിഷേധം ദേശീയപാത ഉപരോധത്തില്‍വരെ എത്തി. നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
തിങ്കളാഴ്ച വൈകിട്ടുതന്നെ ഇടപാടുകാരും ബാങ്കധികൃതരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനിടയില്‍ ബാങ്ക് കൗണ്ടര്‍ രോഷാകുലരായ ഇടപാടുകാര്‍ തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ ബാങ്കധികൃതരുമായി ഇടപാടുകാരുടെ പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നു. മൂന്നുമണിക്കൂര്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമായില്ല. വൈകിട്ട് നാലുമണിയോടെ ഇടപാടുകാര്‍ ബാങ്കില്‍ സംഘടിച്ചെത്തി. ഉന്നത പോലീസുദ്യോഗസ്ഥരുടെയും ബാങ്കധികൃതരുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്ന മുന്‍ധാരണ പ്രകാരമാണ് എല്ലാവരുമെത്തിയത്. ബാങ്കധികൃതര്‍ എത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യേഗസ്ഥര്‍ക്കുനേരെ ഇടപാടുകാര്‍ രോഷം പ്രകടിപ്പിച്ച് ദേശീയപാത മിനുട്ടുകളോളം ഉപരോധിച്ചു. തുടര്‍ന്നാണ് ബാങ്ക് മാനേജര്‍ കെ.മോഹനനും കാസര്‍കോട് ഇന്‍സെപക്ടര്‍ പി.കെ.സുധാകരനും സ്ഥലത്തെത്തിയത്. ചര്‍ച്ചയില്‍ 18ന് ഇടപാടുകാരുടെ നഷ്ടപ്പെട്ട സ്വര്‍ണത്തിന് തുല്യമായ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതേത്തുടര്‍ന്ന് ഏറെ നേരമുണ്ടായ സംഘര്‍ഷത്തിന് അയവു വന്നു.

More Citizen News - Kasargod