കുഡ്ലു: കുഡ്ലു സര്‍വീസ് സഹകരണബാങ്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന കവര്‍ച്ചയില്‍ സ്വര്‍ണം നഷ്ടപ്പെട്ടത് 905 പേര്‍ക്ക്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച സ്വര്‍ണം തിങ്കളാഴ്ച വൈകിട്ട് തിട്ടപ്പെടുത്തിയപ്പോള്‍ നാലര കിലോയാണെന്ന് വ്യക്തമായി. ഇത് 151 പേരുടെ സ്വര്‍ണമാണ്. ഇതുസംബന്ധിച്ച് ബാങ്ക് നോട്ടീസ് ബോര്‍ഡില്‍ ഉടമസ്ഥരുടെ പേരും സ്വര്‍ണത്തിന്റെ അളവും പ്രദര്‍ശിപ്പിച്ചു.
ചൊവ്വാഴ്ച ബാങ്കിലെത്തിയ സ്ത്രീകളില്‍ പലരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരയുകയായിരുന്നു. ആസാദ് നഗറിലെ പി.വസന്ത ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നരമാസംമുമ്പ് താലിമാല പണയംവെച്ചിരുന്നു. അതാണ് നഷ്ടപ്പെട്ടത്. കാന്‍സര്‍ രോഗിയായിരുന്ന ഭര്‍ത്താവ് പിന്നീട് മരിച്ചെന്നും അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടുപറഞ്ഞു ചൗക്കിയിലെ ശോഭയ്ക്ക് 14 പവനാണ് നഷ്ടപ്പെട്ടത്. ഗള്‍ഫിലേക്ക് പോകുന്ന ഭര്‍ത്താവിന് പണത്തിനായിരുന്നു സ്വര്‍ണം വെച്ചത്. ഗള്‍ഫില്‍ ജോലിശരിയാവാതെ ഭര്‍ത്താവ് തിരിച്ചുവരികയുംചെയ്തു. സാധാരണക്കാരായ ആളുകളുടെ സ്വര്‍ണമാണ് ഏറെയും നഷ്ടമായത്.