പടന്നയിലെ വാര്‍ഡ് വിഭജനത്തിന് പുനര്നിര്ണയസമിതിയുടെ അംഗീകാരം
Posted on: 09 Sep 2015
പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്തിലെ 14 വാര്‍ഡുകള്‍ വിഭജിച്ച് 15 എണ്ണമാക്കുന്നതിനുള്ള പഞ്ചായത്തിന്റെ നിര്‍ദേശത്തിന് പുനര്നിര്ണയകമ്മിറ്റിയുടെ അംഗീകാരമായി. കഴിഞ്ഞദിവസം ഇറങ്ങിയ വിജ്ഞാപനത്തിന്റെ അന്തിമപട്ടിക അടുത്തദിവസം പ്രസിദ്ധപ്പെടുത്തും. പഞ്ചായത്ത് ഭരണകക്ഷിയായ എല്‍.ഡി.എഫിന്റെ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ട് നേടിയ അംഗീകാരം യു.ഡി.എഫ്. കേന്ദ്രങ്ങളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.
ഭരണസ്വാധീനം ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിലാണ് വാര്‍ഡുവിഭജന നിര്‍ദേശം നല്‍കിയതെന്ന് എല്‍.ഡി.എഫ്. നേരത്തേ ആരോപിച്ചിരുന്നു. ഇതിനെതിരെ പഞ്ചായത്തോഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടി സംഘടിപ്പിച്ചിരുന്നു. നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉത്തരവാദപ്പെട്ട സെക്രട്ടറിയെ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ച് അസി. സെക്രട്ടറിയെക്കൊണ്ട് വിഭജനനിര്ദേശം സമര്‍പ്പിച്ചെന്നാണ് ഇവരുടെ ആരോപണം. മുസ്ലിം ലീഗിന് ആധിപത്യമുള്ള പടന്ന വില്ലേജില്‍ ഒമ്പതും ഉദിനൂരില് ആറും വാര്‍ഡുകളാണ് പുതിയ നിര്‍ദേശത്തിലുള്ളത്. ഇത് ജനസംഖ്യാനുപാതത്തിലല്ലെന്നും ആരോപണമുണ്ട്. കൂടാതെ ആറാംവാര്‍ഡ് രൂപവത്കരിച്ചത് രണ്ട് വില്ലേജുകളെ വിഭജിച്ചുകൊണ്ടാണെന്നും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഒന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന അഴിത്തല നീലേശ്വരം നഗരസഭയോട് ചേര്‍ത്ത സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുകൊണ്ട് സി.പി.എം. ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയും നേരത്തേ തള്ളിയിരുന്നു.