തീവണ്ടിയിലെ അക്രമങ്ങള്‍ക്കെതിരെ നടപടിവേണം
Posted on: 09 Sep 2015
മഞ്ചേശ്വരം: മംഗളൂരുവില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്കുവരുന്ന തീവണ്ടികളില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാമ്പസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനംനല്കി.
പുറമെനിന്നുള്ളവര്‍ തീവണ്ടികളില്‍ കയറി പേര് ചോദിച്ച് വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണെന്നും അധികൃതരുടെഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് സമാധാനമായി പഠിക്കാനും യാത്രചെയ്യാനുമുള്ള അവസരമുണ്ടാക്കണമെന്ന് ജില്ലാ സെക്രട്ടറി റാസിക് ദേളി, ട്രഷറര്‍ നൗഷല്‍ മഞ്ചേശ്വരം എന്നിവര്‍ ആവശ്യപ്പെട്ടു.
സഹായധനം നല്കി
മഞ്ചേശ്വരം: കാലവര്‍ഷത്തെത്തുടര്‍ന്ന് കടലേറ്റം രൂക്ഷമായ ഉപ്പള മൂസോടി കടപ്പുറം നിവാസികള്‍ക്ക് സഹായം നല്കി. മൂസോടി അലിഫ് ക്ലബ് പ്രവര്‍ത്തകരാണ് സഹായധനം നല്‍കിയത്. കടലേറ്റത്തില്‍ വീടിനും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ച ഫാത്തിമ, ആയിഷ, അലി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ക്ലബ് പ്രവര്‍ത്തകര്‍ സാമ്പത്തികസഹായം നല്‍കിയത്.