എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Posted on: 09 Sep 2015
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് 2014 ഒക്ടോബര്‍ 10-ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ താമസമില്ലാതെ നല്‍കുന്നതിന് കര്‍മപദ്ധതികള്‍ തയ്യാറാക്കാനും കമ്മീഷന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി.
മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനോ ലിസ്റ്റില്‍ ഉള്‍പ്പെടാനോ കഴിയാതെ പോയ പീഡിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയമാനുസരണം നടപടികള്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ണ ലക്ഷ്യ പ്രാപ്തിയിലെത്തിക്കാന്‍ കാലതാമസമുണ്ടായെന്നും കമ്മീഷന് നിരീക്ഷിച്ചു.
എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് 11 പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ബുധനാഴ്ച രാവിലെ 10.30-ന് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.