ഉറവിട മാലിന്യസംസ്കരണ യൂണിറ്റ്: അഞ്ച് പഞ്ചായത്തുകളില്‍ 2507500 രൂപയുടെ പദ്ധതി
Posted on: 09 Sep 2015
കാസര്‍കോട്: ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ നടപ്പാക്കാനായി 2507500 രൂപയുടെ പദ്ധതിക്ക് ജില്ലാ ശുചിത്വമിഷന്റെ സാങ്കേതികാനുമതിയായി. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി ആറു പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. പുല്ലൂര്‍-പെരിയ, പിലിക്കോട്, മടിക്കൈ, ചെറുവത്തൂര്‍, ദേലംപാടി, എന്നീ പഞ്ചായത്തുകളില്‍ തിരഞ്ഞെടുത്ത വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ്, കലം കമ്പോസ്റ്റ് എന്നീ യൂണിറ്റുകളാണ് സ്ഥാപിക്കുക. പുല്ലൂര്‍-പെരിയയില്‍ 550 പൈപ്പ് കമ്പോസ്റ്റിനായി 4.95 ലക്ഷം രൂപ, പിലിക്കോടില്‍ 48 ബയോഗ്യാസ് പ്ലാന്റിനായി 4.08 ലക്ഷം രൂപയും മടിക്കൈയില്‍ 50 ബയോഗ്യാസ് പ്ലാന്റിനായി 4.25 ലക്ഷം രൂപയും 1000 കലം കമ്പോസ്റ്റിനായി അഞ്ചുലക്ഷം രൂപയും ചെറുവത്തൂരില്‍ 200 പൈപ്പ് കമ്പോസ്റ്റിനായി 1.8 ലക്ഷം രൂപ, ദേലംപാടിയില്‍ 555 പൈപ്പ് കമ്പോസ്റ്റിനായി 4.9 ലക്ഷം രൂപയുമാണ് അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്നത്. ഒരു ബയോഗ്യാസ് പ്ലാന്റിന് 8500 രൂപയും പൈപ്പ് കമ്പോസ്റ്റിന് 900 രൂപയും കലം കമ്പോസ്റ്റിന് 500 രൂപയുമാണ് നിര്‍മാണച്ചെലവ് .
ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ 50 ശതമാനം ശുചിത്വമിഷനും 25 ശതമാനം വീതം അതത് തദ്ദേശഭരണ സ്ഥാപനവും ഗുണഭോക്താവും തുക വിനിയോഗിക്കും. പൈപ്പ് കമ്പോസ്റ്റിനും കലം കമ്പോസ്റ്റിനും 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം അതത് തദ്ദേശഭരണസ്ഥാപനവും 10 ശതമാനം ഗുണഭോക്താവും തുക വിനിയോഗിക്കണം.
സംസ്ഥാനത്ത് ആദ്യമായാണ് ശുചിത്വമിഷന് ജില്ലാതലസമിതിയുടെ സാങ്കേതിക അനുമതിയോടെ ഇത്തരം പദ്ധതി ആവിഷ്ക്കരിക്കുന്നത്. ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷംവരെയുള്ള പ്രൊജക്ടുകള്‍ ജില്ലാതല സമിതിയുടെ പരിഗണന ലഭിച്ചാല്‍ മതിയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ഇത്തരമൊരു പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കാനായതെന്ന് ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന് പറഞ്ഞു.