മയ്യിച്ചയില്‍ തിങ്കളാഴ്ചയും ലോറി മറിഞ്ഞു; രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
Posted on: 08 Sep 2015
ചെറുവത്തൂര്‍: മയ്യിച്ചയില്‍ ഒടുക്കമില്ലാത്ത അപകടം. കഴിഞ്ഞദിവസം ജീപ്പ് മറിഞ്ഞതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് വീണ്ടും ലോറി മറിഞ്ഞു. പരിക്കേറ്റ ലോറി ഡ്രൈവറെ ചെറുവത്തൂര്‍ യൂണിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായ
നാട്ടുകാര്‍ ദേശീയപാത രണ്ടുമണിക്കൂര്‍ ഉപരോധിച്ചു.
ഒരാഴ്ചയ്ക്കിടയില് ഇതേ സ്ഥലത്തെ നാലാമത്തെ അപകടമാണിത്. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അപകടം. ലോറി റോഡരികിലേക്കടുത്തപ്പോള് കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.
അപകടം നിത്യസംഭവമായി മാറിയിട്ടും അധികൃതര്‍ സുരക്ഷാ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. സ്കൂള്‍ വാഹനങ്ങള്‍, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകന്‍ വഴിയൊരുക്കിയെങ്കിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെയുള്ള ബസ് യാത്രക്കാര്‍ ദുരിതമനുഭവിച്ചു. സമരം നീണ്ടുപോയപ്പോള്‍ മറ്റുപ്രദേശങ്ങളിലുള്ളവരുമെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലരും സി.ഐ. കെ.ഇ. പ്രേമചന്ദ്രനും മുന്‍കൈയെടുത്ത് ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തി. എ.ഡി.എം.സ്ഥലത്തെത്തുമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.
തുടര്‍ന്ന് ആറരയോടെ എ.ഡി.എം. എച്ച്.ദിനേശന്റെ നേതൃത്വത്തിലെത്തിയ റവന്യൂ അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും നാട്ടുകാരും കൂടിയിരുന്ന് മയ്യിച്ചയില്‍ അടിക്കടിയുണ്ടാകുന്ന അപകടം കുറയ്ക്കുന്നതിന് ഉടനടി സ്വീകരിക്കേണ്ട നടപടികളെക്കുറി
ച്ച് ചര്‍ച്ചചെയ്തു. റോഡില്‍ വഴുക്കുന്നത് തടയാന്‍ രാത്രിപ്രവൃത്തിയെടുക്കും. രണ്ടു ദിവസത്തിനകം ഹമ്പ് പണിയും. തുടര്‍ന്ന് ഇരുമ്പ് ക്രാഷ് ബാരിയര്‍ പണിയാനും ധാരണയായി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ കളക്ടറുടെ നിര്‍ദേശാനുസരണം നടത്താനും ധാരണയായി.
ചര്‍ച്ചയില്‍ എ.ഡി.എം. എച്ച്. ദിനേശന്, തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍, തഹസില്‍ദാര്‍ കെ.അംബുജാക്ഷന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.രത്നാകരന്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഘവേന്ദ്ര മജാക്കര്, അസിസ്റ്റന്റ് എഞ്ചന്ജിനീയര് പി.പ്രകാശന്, സി.ഐ. കെ.ഇ.പ്രേമചന്ദ്രന്, നാട്ടുകാരുടെ പ്രതിനിധികളായി വി.വി.ബാലകൃഷ്ണന്, എം.രാമകൃഷ്ണന്, എന്‍.വി.മോഹനന് എന്നിവര്‍ സംസാരിച്ചു.
റോഡ് സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയില്‍ മയ്യിച്ചയിലുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് എ.ഡി.എം. എച്ച്.ദിനേശന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. ഇതിനായി ഒരുകോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒന്‍പതിന് വൈകിട്ട് മൂന്നിന് മയ്യിച്ചയിലെത്തും.