ധൂമണ്ണറൈക്ക് കൃഷി ജീവിതംതന്നെ

Posted on: 08 Sep 2015



കാസര്‍കോട്: പ്രതിസന്ധികള്‍ക്കുമുമ്പില്‍ പതറാതെ മുന്നോട്ടുപോയ ബദിയഡുക്കയിലെ ചൗക്കാറു കണ്ണിമൂലെ സ്വദേശി ധൂമണ്ണറൈക്ക് കൃഷി പരീക്ഷണമല്ല. ജീവിതം തന്നെയാണ്. മണ്ണിനെയും കൃഷിയെയും മൃഗങ്ങളെയും അകമഴിഞ്ഞു സ്‌നേഹിച്ച ഈ അമ്പത്തേഴുകാരനെ തേടിയെത്തിയത് കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ 2014-15 വര്‍ഷത്തെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനാണ് ധൂമണ്ണറൈയും സഹോദരനും ചേര്‍ന്ന് സീതാംഗോളിയില്‍ ഹോട്ടല്‍ ആരംഭിച്ചത്. ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകുംമുമ്പേ, കമ്പോളത്തില്‍ നല്ല പച്ചക്കറികള്‍ക്കും മത്സ്യത്തിനും രൂക്ഷക്ഷാമം അനുഭവപ്പെട്ടു. ചന്തയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ധൂമണ്ണറൈ മനുഷ്യന് വിഷരഹിതമായ പച്ചക്കറിയും മത്സ്യവും ഇനി വിദൂരസ്വപ്‌നം മാത്രമായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള പ്രതിവിധിയായാണ് സ്വന്തം വീട്ടുവളപ്പില്‍ ധൂമണ്ണറൈ കൃഷി ആരംഭിച്ചത്.
കുന്നിന്‍ചെരിവിലെ പറമ്പിലെ കൃഷിക്ക് രൂക്ഷമായ ജലക്ഷാമം തന്നെയായിരുന്നു മുഖ്യവില്ലന്‍. ഇതിനും ധൂമണ്ണറൈ തന്റേതായ രീതിയില്‍ പ്രതിവിധി കണ്ടെത്തി. പ്രതിസന്ധികള്‍ക്കു മുമ്പില്‍ തലകുനിക്കാതെ കൃഷിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച റൈയിയെ പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു. ഇന്നദ്ദേഹത്തിന് സ്വന്തമായി കോഴിഫാം, ആട്ഫാം, പശുക്കള്‍, പുല്‍ക്കൃഷി, കോവയ്ക്കകൃഷി, വാഴക്കൃഷി, മത്സ്യക്കൃഷി എന്നിവയുണ്ട്. ഇതില്‍നിന്ന് വന്‍ വാര്‍ഷികവരുമാനമാണ് അദ്ദേഹം സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത്. കൃഷിയില്‍നിന്നും മൃഗപരിപാലനത്തില്‍ നിന്നുമുള്ള വാര്‍ഷികലാഭം അഞ്ചുലക്ഷം രൂപയാണ്.
കോഴിഫാമില്‍ 4,000 കോഴികളും ആടുഫാമില്‍ 60 ആടുകളും എട്ട് പശുക്കളുമാണ് നിലവില്‍ സ്വന്തമായുള്ളത്. നാടന്‍ ആട്, മലബാറി, ബീടെന്‍, സീറോഹി എന്നീയിനം ആടുകളും ജഴ്‌സി, നാടന്‍പശു, കോസ്ട്രിയന്‍ എന്നീയിനം പശുക്കളുമാണ് അദ്ദേഹത്തിന്റെ ഫാമിലുള്ളത്. പ്രത്യേകം സജ്ജമാക്കിയ കുളത്തിലാണ് റൈ മത്സ്യക്കൃഷി ഒരുക്കിയിരിക്കുന്നത്. ബാലെ, കറ്റ്‌ല, ഫിലോപ്പിയ, ഗ്രാസ്‌ക്കോ എന്നീയിനം മത്സ്യങ്ങളും അദ്ദേഹം കൃഷിചെയ്തുവരുന്നു. അരയേക്കറിലുള്ള പുല്‍ക്കൃഷിയാണ് ധൂമണ്ണറൈയുടെ കൃഷിയിടത്തിന്റെ ഒരാകര്‍ഷണീയത. അരയേക്കറില്‍ ഒരുക്കിയിരിക്കുന്ന കോവയ്ക്കാ കൃഷി, വാഴക്കൃഷി എന്നിവയും അദ്ദേഹത്തിന്റെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു. കദളിപ്പഴം, ചുവന്ന കദളിപ്പഴം, പൂവന്‍പഴം, നേന്ത്രന്‍, മൈസൂര്‍പഴം എന്നീ ഇനങ്ങളാണ് റൈയുടെ കൃഷിയിടത്തില്‍ പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നത്. അദ്ദേഹത്തിന് കൈത്താങ്ങായി ഭാര്യയും സഹോദരനും സഹോദരഭാര്യയും മക്കളുമാണ് അദ്യവസാനം ഒപ്പം നില്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായി ബദിയഡുക്ക പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

More Citizen News - Kasargod