ഓട്ടോഡ്രൈവറുടെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍
Posted on: 08 Sep 2015
മംഗളൂരു: ഓട്ടോഡ്രൈവര്‍ ഹിദായത്തിനെ നാട്ടേക്കല്ലില് കൊലചെയ്ത സംഭവത്തില്‍ ആറുപേരെ ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തു. ഹിദായത്തിന്റെ ആദ്യഭാര്യയുടെ സഹോദരന് ഉള്ളാളിലെ ഫാസില്‍, മദനി നഗറിലെ ലുക്മാന്, ഇര്ഫാന്, ഖുര്‍ഷിദ്, ജംഷീര്‍, തന്വേസ് എന്നിവരാണ് അറസ്റ്റിലായത്. ആദ്യ ഭാര്യ ഫാസില സംഭവംനടന്ന് രണ്ടാംദിവസം അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ നിസാറും നൗഫലും ഇപ്പോഴും ഒളിവിലാണ്.
ഫാസിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഹിദായത്ത് വീണ്ടും രണ്ട് വിവാഹംചെയ്തിരുന്നു. വിവാഹമോചനത്തെത്തുടര്‍ന്ന് ഫാസിലയും മറ്റൊരു വിവാഹംകഴിച്ചു. കുഞ്ഞിനെ കാണാനായി ഹിദായത്ത് ഫാസിലയുടെ വീട് സന്ദര്‍ശിച്ചിരുന്നു. താക്കീതുകളൊന്നും വകവയ്ക്കാതെ ഹിദായത്ത് വീട്ടിലേക്കുള്ളവരവ് തുടരുന്നതിനിടയിലാണ് കൊലനടന്നത്.
കഴിഞ്ഞ ആഗസ്ത് 28-ന് രാത്രി തന്വേസ് തൊക്കോട്ട്നിന്ന് ഹിദായത്തിന്റെ ഓട്ടോയില്‍ കയറി നാട്ടേക്കല്ലിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. സങ്കേഷിനുസമീപം കുക്കുടകട്ടെയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഫാലിസിന്റെയും നിസാറിന്റെയും നേതൃത്വത്തിലുള്ള എട്ടംഗസംഘം ഹിദായത്തിനെ അക്രമിക്കുകയായിരുന്നു.
ഉള്ളാള്‍ ഇന്‍സ്പെക്ടര്‍ സവിത്ര തേജ്, സബ് ഇന്‍സ്പെക്ടര്‍ ഭാരതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.