കേന്ദ്രസര്‍വകലാശാല; ഭൂമികൈമാറ്റം വൈകുന്നു
Posted on: 08 Sep 2015
ആദിവാസി കുടുംബങ്ങള്‍ സമരത്തിന്
പെരിയ: കേന്ദ്രസര്വകലാശാലയ്ക്കായി ഭൂമി ഒഴിഞ്ഞുകൊടുക്കുന്ന മാളത്തുംപാറ ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂമികൈമാറ്റം വൈകുന്നു. നടപടി ആവശ്യപ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന 14 കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഭൂമിയും വീടും നഷ്ടപ്പെടുന്ന മാളത്തുംപാറ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ സമരംതുടങ്ങുന്നത്. ഇതുസംബന്ധിച്ച് സമരസമിതിക്കാര്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന് മുമ്പാകെ തിങ്കളാഴ്ച രാവിലെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തപ്പോള്‍ അനുയോജ്യമായ സ്ഥലവുംവീടും ഒരുക്കിത്തരുമെന്നായിരുന്നു സര്‍വകലാശാല അധികൃതര്‍ നല്കിയ ഉറപ്പ്. ഇതുപ്രകാരം പെരിയ തണ്ണോട്ട് റോഡരികില്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഭൂമി കൈമാറ്റവും വീട് നിര്‍മാണവും വൈകുന്നതാണ് ആദിവാസി കുടുംബാംഗങ്ങളെ സമരത്തിന് പ്രേരിപ്പിച്ചത്. അതേസമയം ബുധനാഴ്ച രാവിലെ 10.30ന് വൈസ്ചാന്‍സലര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് അറിയിച്ചു.