തായലങ്ങാടി ബാങ്ക് കവര്‍ച്ചശ്രമം; അന്വേഷണം എങ്ങുമെത്തിയില്ല

Posted on: 08 Sep 2015കാസര്‍കോട്: നാല് മാസം മുമ്പ് നടന്ന ബാങ്ക് കവര്‍ച്ച ശ്രമത്തിലെ അന്വേഷണം യാതൊരു തുമ്പുമില്ലാതെ അവസാനിച്ച ഘട്ടത്തിലാണ് കുഡ്‌ലു ബാങ്കിലെ അഞ്ചരക്കോടിയുടെ കവര്‍ച്ച. കഴിഞ്ഞ ഏപ്രില്‍ 27-ന് തായലങ്ങാടിയിലെ ക്ലോക്ക് ടവറിനു സമീപത്തെ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖയിലാണ് മോഷണശ്രമം നടന്നത്. പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നെങ്കിലും മോഷണസംഘത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.
കുഡ്‌ലു സഹകരണബാങ്കില്‍ പകലാണ് കവര്‍ച്ച നടന്നതെങ്കില്‍ തായലങ്ങാടിയില്‍ പുലര്‍ച്ചെയാണ് മോഷ്ടാക്കള്‍ ജനലഴികള്‍ മുറിച്ചുമാറ്റി അകത്ത് കടന്നത്. പുലര്‍ച്ച 4.45 ഓടെ അസ്വാഭാവികമായ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം കണ്ടത്. മോഷണം നടക്കാതിരുന്നതിന്റെ കാരണവും ഇതായിരിക്കാം എന്ന് പോലീസ് കരുതുന്നു.
ജനാലയുടെ ഗ്ലാസ്സ് അഴിച്ചുമാറ്റിയ നിലയിലും ഗ്രില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലുമായിരുന്നു. ലോക്കറിന്റെ പൂട്ട് തകര്‍ക്കാനും മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നു. ബാങ്കിനകത്തെ സി.സി.ടി.വി. സംവിധാനവും തകരാറിലാക്കി, കമ്പ്യൂട്ടറിന്റെ എല്‍.സി.ഡി. മോണിട്ടറുകള്‍ വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. ക്യാമറയില്‍ ചിത്രങ്ങള്‍ പതിയാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ മോഷ്ടാക്കളില്‍ ഒരാള്‍ പതിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി. ഇതനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്.
അയല്‍ ജില്ലയായ കണ്ണൂരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ മോഷണശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിലൊന്നും പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ല. തായലങ്ങാടിയില്‍ കവര്‍ച്ചശ്രമം നടന്നതിന് തൊട്ടടുത്ത ദിവസമാണ് പയ്യന്നൂര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലും കവര്‍ച്ച ശ്രമം നടന്നത്.

More Citizen News - Kasargod