മൊബൈല്‍ ഫോണ്‍ കേടായി; നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്‌

Posted on: 07 Sep 2015നീലേശ്വരം: വിലകൂടിയ മൊബൈല്‍ ഫോണ്‍ വാറന്റി കാലാവധിക്കുള്ളില്‍ കേടാവുകയും അറ്റകുറ്റപണിനടത്തിയിട്ടും ശരിയാവാതിരിക്കുകയും ചെയ്തതിന് ഫോണ്‍ഉടമയ്ക്ക് നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്കാന്‍ ഉത്തരവിട്ടത്.
നീലേശ്വരത്തെ എം.ജെ.ജോയിയുടെ മകന്‍ ഷിലോയാണ് പരാതിക്കാരന്‍. കാഞ്ഞങ്ങാട്ടുനിന്ന് 2012 ഡിസംബര്‍ 22-നാണ് ഷിലോ ഒരുവര്‍ഷം വാറന്റിയുള്ള 17,000 രൂപ വിലയുള്ള സാംസങ് മൊബൈല്‍ഫോണ്‍ വാങ്ങിയത്. 2013 ഏപ്രില്‍ പത്തിന് ഫോണ്‍ തകരാറിലായി. വീണ്ടും ഏപ്രില്‍ 22-നും മെയ് 20-നും ഫോണ്‍ അറ്റകുറ്റപ്പണിചെയ്‌തെങ്കിലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. വാറന്റി കാലാവധിയുള്ളതിനാല്‍ ഫോണ്‍ മാറ്റിത്തരണമെന്നുള്ള ആവശ്യം കടയുടമ അംഗീകരിച്ചില്ല. തുടര്‍ന്ന് ഷിലോ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തെ സമീപിച്ചു. കൊച്ചിയിലുള്ള സാംസങ് ഇന്ത്യ ലിമിറ്റഡ് കമ്പനി മൊബൈല്‍ ഫോണിന്റെ വിലയായ 17,000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതിച്ചെലവായി 2000 രൂപയും നല്കണമെന്നാണ് ഫോറം ഉത്തരവ്. ഫോണ്‍ വാങ്ങിയ കട ഉടമയെ ബാധ്യതയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്കണമെന്നും പ്രസിഡന്റ് അഡ്വ. പി. രമാദേവിയും അംഗങ്ങളായ കെ.ജി.ബീനയും ഷീബാ എം.സാമുവലും ഉള്‍പ്പെടെ ഫോറം ഉത്തരവായി.

More Citizen News - Kasargod