പയ്യക്കാല്‍ ഭഗവതിക്ഷേത്ര നിവേദ്യത്തിന് നെല്ല് വിളയിച്ചു
Posted on: 07 Sep 2015
തൃക്കരിപ്പൂര്‍: കൊയോങ്കര പയ്യക്കാല്‍ ഭഗവതിക്ഷേത്രം അടിയന്തിരാദി കര്‍മങ്ങള്‍ക്കുള്ള നെല്ല് ക്ഷേത്രസ്ഥാനികരുടെ നേതൃത്വത്തില്‍ വിളയിച്ചു.
ക്ഷേത്രം ഭണ്ഡാരപ്പുര വളപ്പില്‍ പരീക്ഷണാര്‍ഥം നടത്തിയ ഒരേക്കറോളം ഭൂമിയില്‍ നെല്‍ക്കൃഷി ഞായറാഴ്ച രാവിലെ ക്ഷേത്രസ്ഥാനികരുടെ നേതൃത്വത്തില്‍ കൊയ്തെടുത്തു. നാടന്‍ നെല്‍വിത്തായ തവ്വാന് ആണ് ഒരേക്കറില്‍ കൃഷിചെയ്തത്. ഇനി പുത്തരി ചൊവ്വ വിളക്ക് അടിയന്തിരത്തിനുള്ള അവില്, ഒണക്കലരി തുടങ്ങിയ നിവേദ്യങ്ങള്‍ ഒരുക്കും.
അടിയന്തിരത്തിന് പുത്തരി ലഭിക്കാത്തതിനാല്‍ കഴിഞ്ഞതവണ പാലക്കാട്ട് നിന്നാണ് പുതിയ നെല്ല് കൊണ്ടുവന്നത്. വരുംകാലങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ അടിയന്തിരാദി കര്‍മങ്ങള്‍ക്കും ആവശ്യമായ നെല്ല് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കാനാണ് ക്ഷേത്രം ഭാരാവഹികളുടെ തീരുമാനം. വിളവെടുപ്പിന് ക്ഷേത്രം സ്ഥാനികരും ഭാരവാഹികളും നേതൃത്വം നല്കി.