മരണത്തിലും ഒരുമിച്ച കൂട്ടുകാര്‍ക്ക് ഗ്രാമം വിടനല്‍കി
Posted on: 06 Sep 2015
പെരിയ: യാത്രയിലെന്നപോലെ മരണത്തിലും ഒരുമിച്ച അനീഷിനും ഷിബു മാത്യുവിനും കാഞ്ഞിരടുക്കം കണ്ണീരോടെ വിടനല്‍കി. കഴിഞ്ഞദിവസം ഇരിയയില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ച യുവാക്കളുടെ ശവസംസ്കാരച്ചടങ്ങുകള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടന്നു. ഫാ. ഫ്രാന്‍സിസ് മറ്റത്തിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സംസ്കാരച്ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് അനീഷിന്റെയും ഷിബു മാത്യുവിന്റെയും വീടുകളില്‍ മന്ത്രി രമേശ് ചെന്നിത്തലയുമെത്തി. ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം അദ്ദേഹം മടങ്ങി. അനീഷിന്റെ സംസ്കാരച്ചടങ്ങുകളാണ് ആദ്യം നടന്നത്. പ്രാര്‍ഥനയ്ക്കുശേഷം മൃതദേഹം പള്ളിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. തുടര്‍ന്ന് ഷിബുവിന്റെ സംസ്കാരച്ചടങ്ങുകള്‍ നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കിടെ മരത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ അനീഷിന് ആസ്പത്രിയില്‍ ചികിത്സയ്ക്കും ഷിബു മാത്യു കൂട്ടായി നിന്നിരുന്നു.
ശാരീരികവൈകല്യംമൂലം അനീഷ് തന്റെ യാത്ര നാലുചക്ര സ്കൂട്ടറില്‍ ആക്കിയപ്പോഴും ഷിബുവിനെ കൂട്ടുവിളിച്ചായിരുന്നു പോയിരുന്നത്. മരത്തില്‍നിന്ന് വീണ് ജീവന് രക്ഷപ്പെട്ടതിന്റെ ഓര്‍മയ്ക്കായി കാഞ്ഞിരടുക്കം ടൗണില്‍ അനീഷ് മധുരം വിതരണം ചെയ്തിരുന്നു. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞാണ് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഇരുവരും മരിച്ചത്.