തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മുന്നേറും -രമേശ് ചെന്നിത്തല
Posted on: 06 Sep 2015
ബദിയഡുക്ക: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 70 ശതമാനത്തിലേറെ വിജയിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വമൂല്യം സംരംക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ബേള കിളിങ്കാര്‍ സായി മന്ദിരത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയില്‍ കാര്‍ണാടക നഗരവികസന മന്ത്രി വിനയകുമാര്‍ സ്വര്ക്കെ, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കല്ലഗ ചന്ദ്രശേഖര റാവു, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്, പി.എ.അഷറഫലി, പ്രഭാകര ചൗട്ട, അഡ്വ. വിനോദ്കുമാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സായിറാം ഭട്ട് നിര്‍മിച്ച 232-ാം വീടിന്റെ താക്കോല്‍ ജോഡുക്കല്ലിലെ കൃഷ്ണപ്പയ്ക്കും 233-ാം വീട് സീതാംഗോളിയിലെ സമീറയ്ക്കും നല്കി. സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ ചടങ്ങില്‍ ആദരിച്ചു. സായിറാം ഭട്ടിന്റെ മകന് ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.കൃഷ്ണഭട്ട് 27 ആശ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി യൂണിഫോം നല്കി.