പുല്ലൂര്‍-പെരിയയില്‍ 'തക്കാളിപ്പനി' പടരുന്നു
Posted on: 06 Sep 2015
ആശങ്ക വേണ്ടെന്ന് അധികൃതര്‍
പെരിയ: ഡെങ്കിപ്പനിക്ക് പിന്നാലെ പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ വൈറസ് രോഗമായ തക്കാളിപ്പനിയും പടരുന്നു.
മഴ കുറഞ്ഞതോടെ െഡങ്കിപ്പനി കുറഞ്ഞുതുടങ്ങിയിരുന്നു. അതിനിടയിലാണ് കുട്ടികളില്‍ തക്കാളിപ്പനി വ്യാപകമായത്. വൈറസ് പടര്‍ത്തുന്ന ഈ പനിയോടൊപ്പം ചുവന്ന കുരുക്കളും കാണുന്നുണ്ട്. എന്നാല്‍ ഈ പനി അപകടകരമല്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. കൈകാലുകള്‍ക്ക് ചൊറിച്ചിലും വായ്ക്കകത്ത് കുരുക്കളും പ്രത്യക്ഷപ്പെടുമെങ്കിലും ഒരാഴ്ചകൊണ്ട് ഭേദമാക്കാനാവുമെന്ന് െപരിയ സി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് പറഞ്ഞു. പടരുന്ന രോഗമായതിനാല്‍ അസുഖം പിടിപെട്ട കുട്ടികളെ അങ്കണവാടികളിലും മറ്റ് പഠനകേന്ദ്രങ്ങളിലും വിടുന്നത് ഒഴിവാക്കണം. നിലവില്‍ പുല്ലൂര്‍-പെരിയയില്‍ അമ്പതോളം കുട്ടികള്‍ക്ക് തക്കാളിപ്പനി പിടിപെട്ടിട്ടുണ്ട്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ പഞ്ചായത്തില്‍ മുപ്പതോളം ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഡെങ്കിപ്പനി കുറഞ്ഞതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. നിലവില്‍ കരിച്ചേരി, ആനന്ദാശ്രമം പി.എച്ച്.സി.കളുടെ കീഴില്‍വരുന്ന പ്രദേശങ്ങളില്‍ രണ്ട് എലിപ്പനിബാധിതരെ കണ്ടെത്തിയിട്ടുണ്ട്.