കാഞ്ഞങ്ങാട്: കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ഇനി അഗ്നിരക്ഷാ സേനക്കാര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഗ്നിരക്ഷാ യൂണിറ്റിന് കാഞ്ഞങ്ങാട്ട് നിര്‍മിച്ച പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതത് വിദ്യാലയ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച തീരുമാനമെടുക്കാം. സ്കൂളിനടുത്തുള്ള അരുവികളിലോ കുളങ്ങളിലോ ഇതിനുള്ള സൗകര്യമൊരുക്കാം. നീന്തല്‍ പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കി അടുത്തുള്ള അഗ്നിരക്ഷാ സേനയുടെ ഓഫീസിലെത്തി അറിയിച്ചാല്‍ മതി. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ സേനക്കാരെത്തും -മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഗ്നിരക്ഷാ യൂണിറ്റുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 171 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 50 വാട്ടര്‍ ഡങ്കികള് അനുവദിച്ചിട്ടുണ്ട്. 33 എണ്ണംകൂടി അനുവദിക്കും. 564 പുതിയ തസ്തികകള്‍ അഗ്നിരക്ഷാ യൂണിറ്റില്‍ ഉണ്ടാക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി ഏറ്റവും നല്ല വകുപ്പായി അഗ്നിരക്ഷാസേനയെ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ -മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ ഇടതുപക്ഷത്തെ എം.എല്‍.എ. ഇ.ചന്ദ്രശേഖരന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ചടങ്ങില്‍ ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അവയവദാന സമ്മതപത്രം ജില്ലാ പ്രസിഡന്റ് കെ.ബാബുവില്‍നിന്ന് ഏറ്റുവാങ്ങി മന്ത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിറിയക് ആന്റണിയെ ഏല്പിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ദിവ്യ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്, ഡി.സി.സി.പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്, പ്രമോദ് കരുവളം, പി.സി.രാജേന്ദ്രന്, പി.ഡബ്ല്യു.ഡി. എക്സി.എന്‍ജിനീയര്‍ പി.കെ.ബാബു, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജോ കുരുവിള ഈശോ, ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ് എന്നിവര്‍ സംസാരിച്ചു