ആര് ചികിത്സിക്കും മംഗല്‍പാടി സി.എച്ച്.സി.യെ

Posted on: 06 Sep 2015മഞ്ചേശ്വരം: മംഗല്‍പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗബാധിതരായെത്തുന്നവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. നിര്‍ധനരായ നൂറുകണക്കിന് രോഗികളാണ് ചികിത്സതേടി ദിനംപ്രതി ആസ്​പത്രിയിലെത്തുന്നത്. എന്നാല്‍, ഉച്ചക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മുമ്പ് കിടത്തിച്ചികിത്സയുണ്ടായിരുന്ന ആസ്​പത്രിയില്‍ ഇപ്പോള്‍ കിടത്തിച്ചികിത്സയില്ല. മെഡിക്കല്‍ ഓഫീസറടക്കം ആറു ഡോക്ടര്‍മാരുടെയും നാല് സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം ഇപ്പോള്‍ ലഭ്യമാണ്. 16-ഓളം രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും നിലവിലുണ്ട്. രണ്ടാഴ്ച മുമ്പ് മീഞ്ച കുളൂര്‍ സ്വദേശിനി മലേറിയ ബാധിച്ച് മകനെയുംകൊണ്ട് ആസ്​പത്രിയിലത്തിയപ്പോള്‍ ചികിത്സ കിട്ടിയില്ല. കിടത്തിച്ചികിത്സയില്ലാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞദിവസം രാത്രി ബായാറില്‍നിന്ന് പനിബാധിച്ച കുട്ടിയെയുംകൊണ്ട് ആസ്​പത്രിയിലെത്തിയവര്‍ക്കും ഇതേ അവസ്ഥയാണുണ്ടായത്.
ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആസ്​പത്രിയായതിനാല്‍ അപകടങ്ങളില്‍ പരിക്കേറ്റ് എത്തുന്നവരും നിരവധിയാണ്. മാത്രമല്ല, ഈ പ്രദേശത്ത് മോര്‍ച്ചറി സൗകര്യമുള്ള ഏക ഗവ.ആസ്​പത്രിയാണ് മംഗല്‍പാടി. ഒരുമാസം മുമ്പ് ബന്തിയോട്ടുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരുന്നു.
അടുത്തദിവസം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബന്ധുക്കള്‍ എത്തിയപ്പോള്‍ പോസ്റ്റമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും നാട്ടുകാരും ആസ്​പത്രി ഉപരോധിച്ചിരുന്നു.
അത്യാവശ്യം അടിസ്ഥാനസൗകര്യങ്ങളെല്ലാമുള്ള ആസ്​പത്രിയാണിത്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്‌സ് സൗകര്യമുള്‍പ്പെടെ ഇവിടെയുണ്ട്.

More Citizen News - Kasargod