
ഉളിക്കല്‍: ശാരീരികവെല്ലുവിളികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് തോല്പിച്ച രവീന്ദ്രന് മാഷുടെ ജീവിതംതന്നെ കുട്ടികള്‍ക്ക് നല്ലൊരു പാഠം. ഉളിയില്‍ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപകനായ കെ.വി.രവീന്ദ്രന് (54) ശാരീരിക അവശതകളെ തോല്പിച്ചാണ് ഈ നിലയിലെത്തിയത്.ഇരുകാലുകളും പോളിയോ ബാധിച്ച് രണ്ടരവര്‍ഷം ചികിത്സയ്ക്കായി വീട്ടിലൊതുങ്ങിയ കുട്ടിക്കാലത്തെ ഈ ജീവിതം രവീന്ദ്രന് നല്‍കിയത് വൈകല്യത്തെ തോല്പിക്കാനുള്ള മനക്കരുത്ത്.
1961ല്‍ കോഴിക്കോട് വടകര കക്കാട്ടില്‍ നെല്ലിയുള്ളതില്‍ കെ.വി.ചന്തുമാഷിന്റെയും നാരായണിയുടെയും മകനായാണ് രവീന്ദ്രന് ജനിച്ചത്. പതിരപ്പറ്റ ഗവ. എല്‍.പി. സ്കൂളില്‍ പഠനം തുടങ്ങിയെങ്കിലും പോളിയോ ശരീരത്തെ തളര്‍ത്തി. സ്വന്തം വിധിയെ പഴിച്ച് വീട്ടിലൊതുങ്ങാന്‍ പക്ഷേ, രവീന്ദ്രന് തയ്യാറായില്ല.
അല്പമൊന്ന് നടക്കാന്‍ സാധിക്കുമോയെന്നായപ്പോള് നരിപ്പറ്റ ഗവ. എല്‍.പി. സ്കൂളില്‍ ചേര്‍ന്നു. കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുക രവീന്ദ്രന്റെ ശീലമായിരുന്നു. ഇതിന് അച്ഛനും അമ്മയും വഴികാട്ടികളായി. ശാസ്ത്രവിഷയങ്ങളോടും പുസ്തകങ്ങളോടുമുള്ള ചങ്ങാത്തം രവീന്ദ്രനെ കണ്ടുപിടിത്തങ്ങളുടെയും പുതിയ അറിവുകളുടെയും ലോകത്തെത്തിച്ചു.
1985ല്‍ ഇരിട്ടി പെരിങ്കരി എല്‍.പി. സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച രവീന്ദ്രന് ശാസ്ത്രമേളയിലെ നിറസാന്നിധ്യമാണ്. 1986ല്‍ ഉളിയില്‍ ഗവ. യു.പി. സ്കൂളില്‍ എത്തിയതോടെ ഈ വിദ്യാലയം ശാസ്ത്രമേളയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. കഴിഞ്ഞ 26 വര്‍ഷവും ഇരിട്ടി ഉപജില്ല ശാസ്ത്രമേളയില്‍ ഉളിയില്‍ ഗവ. യു.പി. സ്കൂള്‍ ഒന്നാംസ്ഥാനം നിലനിര്ത്തുന്നതിനുപിന്നില് രവീന്ദ്രന് മാഷിന്റെ അവിശ്രമമായ പരിശ്രമമുണ്ട്.
കാറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏത്തം മണലരിക്കുന്ന യന്ത്രം, ഗ്രാവിറ്റി ഉപയോഗിച്ച് വൈദ്യുത ഉത്പാദനം തുടങ്ങിയവ വികസിപ്പിച്ചെടുത്തത് രവീന്ദ്രന് മാഷിനെ ശ്രദ്ധേയനാക്കി. 2005ല്‍ അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ പഠനോപകരണ നിര്‍മാണത്തില്‍ രവീന്ദ്രന് മാഷിനായിരുന്നു ഒന്നാംസ്ഥാനം. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ സൂക്ഷിക്കാന്‍ സ്കൂളില്‍ ഒരു മുറിതന്നെ ഒരുക്കിയിട്ടുണ്ട്. മാഷിന് ശാസ്ത്രമേളയില്‍ കരുത്തായിരുന്ന നിരവധി പേര് ഇന്ന് ഉന്നതമേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി രവീന്ദ്രന് മാഷ് സഞ്ചരിക്കുന്ന പാതയില്‍ കരുത്തായി ഹെല്‍ത്ത് നഴ്സായ ഭാര്യ സരസ്വതിയും മക്കളായ റീഷയും നിഷയും ഉണ്ട്.