ടിക്കറ്റ് കൗണ്ടറിലെ കവര്‍ച്ച: പ്രതിയെ ഗോവയിലേക്ക് കൊണ്ടുപോയി

Posted on: 05 Sep 2015മംഗളൂരു: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഒമ്പതുലക്ഷം കവര്‍ന്ന പ്രതിയുമായി ആര്‍.പി.എഫ്. സംഘം ഗോവയ്ക്ക് മടങ്ങി. പ്രതി തിരുച്ചിറപ്പള്ളി മെലെപ്പട്ടി തിരുട്ടുഗ്രാമത്തിലെ മധുസൂദനനെ വെള്ളിയാഴ്ച മംഗലാപുരം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിരുന്നു. ഗോവയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തിരികെ ഗോവയില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ആര്‍.പി.എഫ്. സംഘം പ്രതിയുമായി ഗോവയിലെ മാപോസയിലേക്ക് യാത്രതിരിച്ചത്.
ചോദ്യം ചെയ്യലില്‍ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നടത്തിയ കവര്‍ച്ചയുടെ വിവരങ്ങള്‍ പ്രതിയില്‍നിന്ന് ലഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി.വേണു പറഞ്ഞു. ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ജൂലായ് ആറിന് നാലുലക്ഷം കവര്‍ന്നത് തിരുട്ട് ഗ്രാമത്തിലെ മറ്റൊരു സംഘമാണെന്നാണ് മധുസൂദനന്റെ വെളിപ്പെടുത്തല്‍. ബീഡിലെ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ ഇതേരീതിയില്‍ നടത്തിയ കവര്‍ച്ചയ്ക്ക് പിന്നിലും മലൈപ്പട്ടി ഗ്രാമത്തിലെ സംഘം ആണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

More Citizen News - Kasargod