കണ്ണൂര്‍ സര്‍വകലാശാല മാധ്യമ-പ്രഭാഷണപരമ്പര നീലേശ്വരം കാമ്പസില്‍

Posted on: 04 Sep 2015



നീലേശ്വരം: കണ്ണൂര്‍ ആകാശവാണിയും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗവും സംയുക്തമായി-'മാധ്യമം: സമൂഹം, രാഷ്ട്രീയം, സംസ്‌കാരം' എന്ന വിഷയത്തില്‍ എട്ടുദിവസത്തെ പ്രഭാഷണപരമ്പര സംഘടിപ്പിക്കും. സപ്തംബര്‍ എട്ടുമുതല്‍ 15 വരെ സര്‍വകലാശാലയുടെ നീലേശ്വരത്തെ ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിലാണ് പരമ്പര നടക്കുന്നത്. എട്ടിന് രാവിലെ പത്തിന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 'സാഹിത്യവും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ ഡോ. പി.കെ.രാജശേഖരന്‍ പ്രഭാഷണം നടത്തും.
സപ്തംബര്‍ ഒമ്പതുമുതല്‍ സന്തോഷ് മാനിച്ചേരി (നവമാധ്യമങ്ങളിലെ മലയാള ഭാഷയും സാഹിത്യവും), ജിക്കു വര്‍ഗീസ് ജേക്കബ് (ഇന്റര്‍നെറ്റും മാധ്യമ പ്രവര്‍ത്തനവും), എന്‍.പി.രാജേന്ദ്രന്‍ (മാധ്യമം, ഭരണകൂടം, ആഗോളവത്കരണം), ശ്രീകുമാര്‍ മുഖത്തല (സാമൂഹികപരിണാമവും മലയാള നാടകങ്ങളും), കെ.വി.ശരത്ചന്ദ്രന്‍ (റേഡിയോ നാടകം), പ്രദീപന്‍ പാമ്പിരിക്കുന്ന് (ചലച്ചിത്രഗാനവും കേരളീയാധുനികതയും), ജോസ് കെ.മാനുവല്‍ (തിരക്കഥ: സാഹിത്യവും സിനിമയും), ഷാജി ജേക്കബ് (മാധ്യമങ്ങളും പൊതുമണ്ഡലവും), ഇ.സേതുമാധവന്‍ (ടെലിവിഷന്‍ ഡോക്യുമെന്റി, ടെലിഫിലിം), സി.എസ്.വെങ്കിടേശ്വരന്‍ (വാര്‍ത്താ ടെലിവിഷന്റെ സാംസ്‌കാരികരാഷ്ട്രീയം), ജി.സാജന്‍ (മാധ്യമങ്ങള്‍: വികസനത്തിന്റെ രാഷ്ട്രീയം), എ.സഹദേവന്‍ (സിനിമ, കല, സാങ്കേതികത, സംസ്‌കാരം), വി.എച്ച്.നിഷാദ് (മൊബൈല്‍ഫോണിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യം) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
പ്രഭാഷണപരമ്പരയുടെ ഭാഗമായി 15-ന് രാവിലെ പത്തിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവാദവും നടത്തും. സമാപന സമ്മേളനം സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. കെ.അശോകന്‍ ഉദ്ഘാടനം ചെയ്യും. കേരള നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റംഗം ബാബു ചാത്തോത്ത് മുഖ്യാതിഥിയായിരിക്കും.

More Citizen News - Kasargod