മോദിസര്‍ക്കാര്‍ വാഗ്ദാനലംഘകരാകുന്നു -യൂത്ത് കോണ്‍ഗ്രസ്
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: വാഗ്ദാനങ്ങള്‍ വിപണനംചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനലംഘനത്തില് റെക്കോഡ് സൃഷ്ടിച്ച് ആര്.എസ്.എസ്സിന്റെ രഹസ്യ അജന്‍ഡയുമായി മുന്നോട്ടുപോകുകയാണെന്ന് എ.ഐ.സി.സി. സെക്രട്ടറി സൂരജ് ഹെഗ്ഡെ അഭിപ്രായപ്പെട്ടു. രണ്ടു ദിവസങ്ങളിലായി ബേക്കല്‍ ഫോര്‍ട്ടില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയേറ്റെടുക്കല്‍ നിയമം നടപ്പാക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങിയത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.കെ.അര്‍ധനാരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ്, കാസര്‍കോട് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ സംസാരിച്ചു. പൊതുസമൂഹത്തിലെ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ ബ്രഹ്മനായക മഹാദേവന് ക്ലാസ് നയിച്ചു. 11-ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അക്രമവിരുദ്ധസദസ്സ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.പി.എമ്മും ബി.ജെ.പി.യും കേരളത്തിന്റെ ശാപമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരികണ്ണാമല അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.