സര്‍ക്കാര്‍ സ്ഥലത്ത് ചെങ്കല്‍ ഖനനം; ചീമേനി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന
Posted on: 04 Sep 2015
ചീമേനി: സര്‍ക്കാര്‍ സ്ഥലം കൈയേറി ചെങ്കല്ല് മുറിക്കുന്നതായുള്ള പരാതിയെത്തുടര്‍ന്ന് ചീമേനി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. വണ്ണാത്തിക്കാനത്ത് കൊട്ടുകാപ്പള്ളിയുടെ സ്ഥലമാണെന്ന് കാണിച്ച് സര്‍ക്കാര്‍ സ്ഥലത്ത് വില്ലേജ് അധികൃതരുടെ ഒത്താശയോടുകൂടി ചെങ്കല്ല് മുറിക്കുന്നുവെന്നാണ് പരാതി.
കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയ സംഘം സ്ഥലവും ഓഫീസ് രേഖകളും പരിശോധിച്ചു. പ്രാഥമികനിഗമനത്തില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയതായി തോന്നുന്നുണ്ടെങ്കിലും സര്‍വേ നടത്തിയാല്‍ മാത്രമേ കൈയേറ്റം സ്ഥിരീകരിക്കാനാകൂവെന്ന് സംഘം അറിയിച്ചു. അടുത്തദിവസങ്ങളില്‍തന്നെ സര്‍വേനടപടികള്‍ ആരംഭിക്കും. കാസര്‍കോട് സര്‍വേ സൂപ്രണ്ട് ബിനുമാത്യു പണിക്കര്‍, കാസര്‍കോട് തഹസില്‍ദാര്‍ അംബുജാക്ഷന്, എ.എസ്.ഐ. രാജീവന്, പ്രമോദ്, വിനോദ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.