ശ്രികൃഷ്ണജയന്തി നാളെ; ശോഭായാത്രയ്ക്കൊരുങ്ങി നാട്
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: ശ്രീകൃഷ്ണജയന്തിദിനമായ ശനിയാഴ്ച ബാലഗോകുലം ജില്ലയില്‍ വിപുലമായ ശോഭായാത്ര നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ പതാകദിനവും ഗോപൂജയും നടന്നു.
11 ചെറുഘോഷയാത്രകള്‍ സംഗമിച്ച് കാഞ്ഞങ്ങാട്ട് മഹാശോഭായാത്ര നടക്കും. ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും. എഴിടങ്ങളിലെ ഘോഷയാത്രകള്‍ സംഗമിച്ച് മാവുങ്കലില്‍ നടക്കുന്ന ശോഭായാത്ര ഇവിടത്തെ ശ്രീരാമക്ഷേത്രത്തില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്നിന്നെത്തുന്ന ശോഭായാത്ര അമ്പലത്തറയില്‍ സംഗമിച്ച് ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഏച്ചിക്കാനം കല്യാണം മുത്തപ്പന് മടപ്പുരയില്‍നിന്ന് തുടങ്ങുന്ന ശോഭായാത്ര അത്തിക്കോത്ത് കരിംചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് സമാപിക്കും.
ഇരിയ, എണ്ണപ്പാറ, തായന്നൂര്‍, വെള്ളമുണ്ട, ഒടയംചാല്‍, പൂച്ചക്കാട്, പുല്ലൂര്‍, പെരിയ എന്നിവിടങ്ങളിലും ശോഭായാത്ര നടക്കും. നീലേശ്വരത്തെ ശോഭായാത്ര തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. പിലിക്കോട് രയരമംഗലം കോതോളി ഭഗവതിക്ഷേത്രപരിസരത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര എച്ചികുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. തൃക്കരിപ്പൂരിലെ വിവിധ ശോഭായാത്രകള്‍ തങ്കയംമുക്കില്‍ സംഗമിക്കും. ചീമേനി, കാലിച്ചാനടുക്കം, കാട്ടിപ്പൊയില്‍ എന്നിവിടങ്ങളിലും ഘോഷയാത്ര നടക്കും. മാലോംതട്ടില്നിന്ന് പുറപ്പെടുന്ന ശോഭായാത്ര ചീര്‍ക്കയം സുബ്രഹ്മണ്യസ്വാമി കോവിലില്‍ സമാപിക്കും. രാജപുരം മേഖലയിലെ ശോഭായാത്ര കൊട്ടോടിയില്‍ സംഗമിക്കും. കള്ളാര്‍, പെരുതടി, ബളാംതോട്, പാണത്തൂര്‍, പരവനടുക്കം, പൊയിനാച്ചി, കുണ്ടംകുഴി, കുറ്റിക്കോല്‍, ബന്തടുക്ക എന്നിവിടങ്ങളിലും ശോഭായാത്ര നടക്കും. ബോവിക്കാനം ടൗണില്‍ സംഗമിക്കുന്ന ശോഭായാത്ര മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.