51 രോഗികളുടെ കണ്ണീരൊപ്പാന്‍ ഒരുങ്ങി തൃക്കണ്ണാട് അമ്പലം
Posted on: 04 Sep 2015
ഇ.വി.ജയകൃഷ്ണന്
കാഞ്ഞങ്ങാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുകയും ദേവചൈതന്യം പ്രസരിപ്പിക്കുയും ചെയ്യുക മാത്രമല്ല, നേരിട്ട് അനുഗ്രഹം ചൊരിയാനും അമ്പലങ്ങള്ക്കാകുമെന്ന് കാട്ടിത്തരികയാണ് തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം. ക്ഷേത്രഫണ്ടില്നിന്നുള്ള തുകയെടുത്ത് 51 രോഗികളുടെ കണ്ണീരൊപ്പാനൊരങ്ങുകയാണ് ക്ഷേത്രം അധികാരികള്‍. 5,000 മുതല്‍ 10,000 രൂപവരെ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. ശ്രീകൃഷ്ണന്റെ പിറന്നാള്‍ദിനമായ ശനിയാഴ്ച ത്രയംബകേശ്വരനെ സാക്ഷിയാക്കി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഹായധനം കൈമാറും. യഥാര്‍ഥത്തില്‍ ക്ഷേത്രപ്രവര്‍ത്തനം ചൈതന്യവത്താകുന്നത് ഇങ്ങനെയെന്തെങ്കിലും ചെയ്യുമ്പോഴല്ലേയെന്ന് പരസ്പരം ചോദിച്ചും ചര്‍ച്ചചെയ്തുമാണ് ട്രസ്റ്റി ബോര്‍ഡ് പദ്ധതി നടപ്പാക്കിയത്. മൂന്നുലക്ഷം രൂപയാണ് ഈ വര്‍ഷം ഇതിനായി വിനിയോഗിക്കുക. അടുത്തവര്‍ഷം മുതല്‍ തുക കൂട്ടണമെന്ന തീരുമാനവും ട്രസ്റ്റി ബോര്‍ഡ് കൈക്കൊണ്ടു. കണ്ണൂര്‍ മമ്പറം സ്വദേശി വാസുദേവന്‍ നമ്പൂതിരി ഇവിടെ എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റതോടയാണ് തൃക്കണ്ണാട് അമ്പലത്തിന്റെ കാരുണ്യപദ്ധതി യാഥാര്‍ഥ്യമായത്.
കൊയിലാണ്ടിയിലെ പിഷാരികാവ് ക്ഷേത്രം ഇതേരീതിയില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയും നിയമത്തിന്റെ വശങ്ങള് എടുത്തുപറഞ്ഞും വാസുദേവന്‍ നമ്പൂതിരി ഇതിനുവേണ്ടി നടത്തിയ പോരാട്ടം ചെറുതല്ല. ഇത് മാതൃകയാക്കി മറ്റുക്ഷേത്രങ്ങളും മുന്നോട്ടുവരുമല്ലോയെന്ന ചിന്തയാണ് തനിക്ക് പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പറുടെയും ഡോക്ടറുടെയും കത്ത് സഹിതം അപേക്ഷിക്കാനാണ് രോഗികളോട് ആവശ്യപ്പെട്ടത്. അപേക്ഷ ക്ഷണിച്ചപ്പോള്‍ നൂറിലേറെപ്പേര്‍ രംഗത്തുവന്നു. ചെറുപ്പക്കാരായ രോഗികള്‍ക്ക് മുന്‍ഗണ നനല്‍കി. വി.ബാലകൃഷ്ണന് നായര്‍, ശ്രീവത്സന്‍ നമ്പ്യാര്‍, പി.ജയാനന്ദന്, എ.ബാലകൃഷ്ണന് നായര്‍ എന്നിവരടങ്ങുന്ന ട്രസ്റ്റി ബോര്‍ഡംഗങ്ങളും എക്സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് പുതിയപട്ടിക തയ്യാറാക്കി. ആ പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് 51 പേരുട അന്തിമപട്ടിക തയ്യാറാക്കിയതെന്നും എക്സിക്യൂട്ടിവ് ഓഫീസര്‍ പറഞ്ഞു.