ജലസംഭരണി നിര്‍മിച്ചിട്ട് 10 വര്‍ഷമായി; വെള്ളം ഇതുവരെ എത്തിയില്ല
Posted on: 04 Sep 2015
കുമ്പള: നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനായി പണിത ജലസംഭരണിയും മോട്ടോര്‍ പമ്പ് ഷെഡ്ഡും നോക്കുകുത്തിയാവുന്നു. കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡായ ഇച്ചിലമ്പാടി പട്ടികജാതി കോളനിയിലാണ് 10 വര്‍ഷംമുമ്പ് ജലസംഭരണി പണിതത്. വേനലില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. അതിനാല്‍ കുടിവെള്ളവിതരണത്തിനായി പൈപ്പുകളും ടാപ്പുകളും എല്ലാ വീടുകളിലേക്കും സ്ഥാപിച്ചിരുന്നു. ഇച്ചിലമ്പാടില് കുഴല്‍ക്കിണറും നിര്‍മിച്ചു. പക്ഷെ, 10 വര്‍ഷം പിന്നിട്ടിട്ടും ഇച്ചിലമ്പാടിയിലെ പട്ടികജാതി കോളനിനിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്നു. തുടര്‍ച്ചയായി സ്ഥാപിക്കുന്ന മോട്ടോര്‍ പമ്പും അനുബന്ധ ഉപകരണങ്ങളും സമൂഹദ്രോഹികള്‍ നശിപ്പിക്കുന്നത് കാരണമാണ് കുടിവെള്ളവിതരണം നടത്താന്‍ പറ്റാത്തതെന്ന് പഞ്ചായത്തംഗം അശ്വിനി നാണിത്തിലു പറഞ്ഞു. ഇതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ടെന്നും കോളനിക്ക് പുറത്തുനിന്നെത്തുന്ന സമൂഹദ്രോഹികളാണ് മോട്ടോര്‍ നശിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.