നാട് ശുചിത്വമാക്കാന്‍ മംഗല്‍പാടിയില്‍ പദ്ധതി
Posted on: 04 Sep 2015
കാസര്‍കോട്: മംഗല്പാടി ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് 'പോര്‍ളുദഊരു' പദ്ധതിക്ക് തുടക്കമായി. വാര്‍ഡ് ആരോഗ്യ-ശുചിത്വസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ആറുമാസംകൊണ്ട് സമ്പൂര്‍ണ ശുചിത്വം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സര്‍ക്കാര്‍വകുപ്പുകളും കുടുംബശ്രീ, അഡ്ക്ക ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, കുബണൂര്‍ എസ്.ആര്.എ.യു.പി. സ്കൂള്‍, ധര്‍മസ്ഥല സംഘങ്ങള്‍, ഓട്ടോറിക്ഷാ യൂണിയനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
തുളുവാക്കായ 'പോര്‍ളുദഊരു' എന്നാല്‍ 'നല്ലനാട്' എന്നാണ് അര്‍ഥം. പദ്ധതിയുടെ ഭാഗമായി 18-ാം വാര്‍ഡിലെ 650 വീടുകളെ 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്ററുകളായി വിഭജിച്ച് ശുചിത്വ കാമ്പയിന് നടത്തി. 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ക്ലസ്റ്ററിനും രണ്ട് വോളന്റിയര്‍മാര്‍ക്ക് ചുമതല നല്കി. ഇവരുടെ മേല്‍നോട്ടത്തിലാണ് കാമ്പയിന് നടത്തിയത്. ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണ ലഘുലേഖകള്‍ മുഴുവന്‍ വീടുകളിലും വിതരണംചെയ്തു.
വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്നതിന് േവാളന്റിയര്മാരുടെ നേതൃത്വത്തില്‍ ബോധവത്കരണവും നടത്തി. എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം വികസിപ്പിച്ചെടുക്കുകയാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യം. ഓരോ അടുക്കളത്തോട്ടത്തിലും ജീവകസമ്പൂര്ണമായ ചീര, വയല, മുരിങ്ങ, പപ്പായ, പച്ചമുളക് എന്നിവ നട്ടുപിടിപ്പിക്കും. അടുക്കളത്തോട്ടം വികസിപ്പിക്കുന്നതിലൂടെ ജൈവകൃഷിയിലേക്ക് വാര്‍ഡിനെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ലക്ഷ്യം. പദ്ധതിയുമായി സഹകരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഭക്ഷണരീതി എന്നിവയെക്കുറിച്ച് സമഗ്രമായ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
ക്ഷയരോഗം നിയന്ത്രിക്കുന്നതിന് കുബണൂര്‍ പട്ടികജാതി കോളനി കേന്ദ്രീകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും കഫപരിശോധനയും നടത്തും. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കും. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അംഗണവാടി ടീച്ചര്മാര്, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തും. വീടുകളില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്കരിക്കുന്നതിനുള്ള സംവിധാനം മംഗല്പാടി പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കും. വാര്ഡ്മെമ്പര് ചെയര്‍മാനായ വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയാണ് പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതിവകുപ്പ്, മോട്ടോര്‍വാഹനവകുപ്പ്, കാസര്‍കോട് വനിതാസെല്‍, പരിയാരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്നത്.