'ഇലമാഹാത്മ്യം' ഇലക്കറിമേള സംഘടിപ്പിച്ചു

Posted on: 04 Sep 2015ചെറുവത്തൂര്‍: ഇലക്കറികളുടെ പ്രാധാന്യം, ഔഷധമൂല്യം എന്നിവ പുതിയതലമുറയെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'ഇലമാഹാത്മ്യം' ഇലക്കറിമേള ശ്രദ്ധേയമായി. തൊടികളില്‍ ലഭ്യമാകുന്ന എഴുപതോളം ഇലകള്‍ ശേഖരിച്ച് തിമിരി ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഇലമാഹത്മ്യം ഒരുക്കിയത്.
പരിപാടിയില്‍ 300-ലേറെ ആളുകള്‍ക്ക് ഇലക്കറിസദ്യവിളമ്പി. കണ്ണൂര്‍ രൂപതയുടെ സാമൂഹികസേവന ഗവേഷണ വിഭാഗം കെയ്‌റോസ്, ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ് എന്നിവയാണ് 'ഇലമാഹാത്മ്യം' ഇലക്കറിമേള സംഘടിപ്പിച്ചത്.
പൊന്നാങ്കണി, ചേനയില, ചേമ്പില, താള്, തകര, വേലിച്ചീര, മുച്ചിള്‍, മുരിങ്ങയില, അഗത്തി ചീര, അയഡിന്‍ ചീര, കൊടിത്തൂവ, ആരോഗ്യ ചീര, ബത്താ ചീര, സാമ്പാര്‍ ചീര, കറുകപ്പുല്ല് തുടങ്ങി നിരവധി ഇലകള്‍ക്കൊപ്പം വാഴകാമ്പ്, കൂമ്പ്, ചക്കക്കുരു, പപ്പായ എന്നിവ ചേര്‍ത്തൊരുക്കിയ ഇലക്കറികള്‍ രുചിഭേദങ്ങളുടെ മേളയായിമാറി
മേള കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെയ്‌റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഡോ. ജില്‍സന്‍ പനക്കല്‍ അധ്യക്ഷതവഹിച്ചു.
കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം.ഗംഗാധരന്‍, കെ.വി.ചന്ദ്രന്‍, എം.ഷാജി, വിവിധ മേഖലകളിലെ മികവിന് ഉറുമീസ് തൃക്കരിപ്പൂര്‍, കെ.ബി.ആര്‍.കണ്ണന്‍, ലതാഭാസ്‌കര്‍ മാടായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വി.പി.ഡൊമനിക്, മേഖലാ ഫെഡറേഷന്‍ സെക്രട്ടറി ജോയ് കനകപ്പള്ളി എന്നിവര്‍ നേതൃത്വംനല്കി.
ഇലമാഹാത്മ്യത്തിന്റെ ഭാഗമായി ജൈവകര്‍ഷകന്‍ കെ.ബി.ആര്‍.കണ്ണന്‍, ഔഷധച്ചെടി സംരക്ഷകന്‍ എം.വി.ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Kasargod