ശ്രീകൃഷ്ണജന്മാഷ്ടമിദിനത്തിലെ ഔദ്യോഗികപരിപാടികള്‍ മാറ്റിവെക്കണം -ബി.ജെ.പി.

Posted on: 04 Sep 2015കാസര്‍കോട്: ശ്രീകൃഷ്ണജന്മാഷ്ടമിദിനത്തില്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഔദ്യോഗികപരിപാടികള്‍ മാറ്റിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ട പരിപാടികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ ആഭ്യന്തരമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഔദ്യോഗികപരിപാടികള്‍ ഈ ദിവസം സംഘടിപ്പിക്കുന്നത്. രമേശ് ചെന്നിത്തല പരിപാടി മാറ്റിവെക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിപാടി റദ്ദാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ആഘോഷങ്ങള്‍ക്ക് സുരക്ഷനല്‌കേണ്ടവരാണ് പോലീസ്. എന്നാല്‍, ജന്മാഷ്ടമി ആഘോഷത്തിന് പലയിടത്തും പോലീസ് അനുമതി നല്കിയിട്ടില്ല. ആഘോഷങ്ങള്‍ അട്ടിമറിക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനുപിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.
രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടി ബി.ജെ.പി. ബഹിഷ്‌കരിക്കും. പരിപാടിക്ക് ആഭ്യന്തരമന്ത്രിയെത്തിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷവും ജന്മാഷ്ടമിദിവസം സര്‍ക്കാര്‍ ഔദ്യോഗികപരിപാടി സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി.യുടെയും വിവിധ ഹൈന്ദവസംഘനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ പരിപാടി മാറ്റിവെക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

More Citizen News - Kasargod