ഭാഷാന്യൂനപക്ഷക്കാരെ രണ്ടാംതരക്കാരാക്കുന്നുവെന്നാരോപിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു
Posted on: 04 Sep 2015
കാസര്‍കോട്: പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാതെ ജില്ലയിലെ ഭാഷാന്യൂനപക്ഷക്കാരെ രണ്ടാംതരക്കാരായി കാണുന്നതായാരോപിച്ച് ഡി.സി.സി. അംഗമുള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഡി.സി.സി. അംഗവും ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. സദാനന്ദ റൈയും കാസര്‍കോട് ബ്ലോക്ക് സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കെ.ചന്ദ്രശേഖരയുമാണ് രാജിവെച്ചത്. രാജിക്കത്ത് ഡി.സി.സി. പ്രസിഡന്റിന് അയച്ചുകൊടുത്തതായും ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വിപുലീകരണത്തില്‍ ഭാഷാന്യൂനപക്ഷത്തെയും സമുദായത്തെയും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ്പാര്‍ട്ടിയെ മുസ്ലിം ലീഗ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു. ഇതില്‍ മനംനൊന്താണ് പാര്‍ട്ടിയിലെ എല്ലാസ്ഥാനങ്ങളും രാജിവെയ്ക്കുന്നതെന്ന് ഇരുവരും അറിയിച്ചു.