പഞ്ചായത്ത് ജീവനക്കാരന് മര്‍ദനമേറ്റു
Posted on: 03 Sep 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയ എല്‍.ഡി. ക്ലൂര്‍ക്ക് പി.മുഹമ്മദ് ഷെമീറിനെ (26) പണിമുടക്കനുകൂലികള്‍ പഞ്ചായത്ത് ഓഫീസില്‍ കയറി മര്‍ദിച്ചു. ഇയാളെ തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പഞ്ചായത്ത് ഓഫീസ് അടപ്പിക്കാന്‍ പ്രകടനമായെത്തിയ സംഘം ഓഫീസില്‍ അതിക്രമിച്ചുകയറി ഷെമീറിനെ മര്‍ദിക്കുകയും വലിച്ചിഴച്ച് പുറത്താക്കുകയുംചെയ്തുവെന്നാണ് പരാതി. ഷെമീറടക്കം ഏഴുപേര്‍ ഓഫീസില്‍ ജോലിക്കെത്തിയിരുന്നു. രണ്ടുമാസംമുമ്പ് പി.എസ്.സി. നിയമനം ലഭിച്ച ഷെമീര്‍ പ്രൊബേഷന്‍ പിരീഡിലായതിനാലാണ് ജോലിക്കെത്തിയതെന്ന് പറഞ്ഞിട്ടും മര്‍ദിക്കുകയാണുണ്ടായതെന്ന് പറഞ്ഞു. ഇതുസംബന്ധിച്ച് ചന്തേര പോലീസ് കേസെടുത്തു.
ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി. ബഷീര്‍ പ്രതിഷേധിച്ചു.