അപകടകരമായ വെള്ളക്കെട്ട്: ആറാമത്തെ മരണം

Posted on: 03 Sep 2015കുമ്പള: പണിമുടക്കിന്റെ ഇടവേള ആസ്വദിക്കാന്‍ പുറപ്പെട്ട ജഗദീഷിന് അറിയില്ലായിരുന്നു, വെള്ളക്കെട്ടിന്റെ ആഴം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവെ നീന്തി മധ്യഭാഗത്തെത്തിയപ്പോള്‍ ജഗദീഷ് മുങ്ങിത്താഴുകയായിരുന്നു. ആഴങ്ങളിലേക്ക് പതിച്ചപ്പോള്‍ കൂട്ടുകാര്‍ക്കും കരയിലുണ്ടായിരുന്നവര്‍ക്കും നിസ്സഹായരായിരിക്കാനേ കഴിഞ്ഞുള്ളൂ. ആറാമത്തെ ജീവനാണ് ഈ വെള്ളക്കെട്ടില്‍ പൊലിഞ്ഞത്.
സീതാംഗോളി-പെര്‍ള റോഡില്‍നിന്ന് അല്പം മാറിയുള്ള വെള്ളക്കെട്ട് മഴക്കാലങ്ങളില്‍ നിറഞ്ഞുകവിഞ്ഞ് തടാകത്തിന് സമാനമാകാറുണ്ട്. ആഴമേറെയുള്ള വെള്ളക്കെട്ടില്‍ അപകടവും പതിവാണ്. കഴിഞ്ഞവര്‍ഷം പുത്തിഗെ മണ്ഡെക്കാപ്പ് സ്വദേശിയാണ് മരിച്ചത്.
യുവാവ് വെള്ളക്കെട്ടില്‍ മുങ്ങിയെന്ന വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് സീതാംഗോളിയിലേക്ക് ഒഴുകിയെത്തിയത്. അപകടസാധ്യത ഏറെയുള്ളതിനാല്‍ പ്രദേശവാസികള്‍ ആരും തിരച്ചിലിനിറങ്ങിയില്ല. പിന്നീട് ലീഡിങ് ഫയര്‍മാന്‍ മനോഹരന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം എത്തി മൂന്ന് മണിക്കൂറിലധികം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള എസ്.ഐ. ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സംരക്ഷണഭിത്തി കെട്ടുന്നതിനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

More Citizen News - Kasargod