നീലേശ്വരം താലൂക്ക് ആസ്പത്രി ലബോറട്ടറി പ്രവര്‍ത്തിച്ചില്ല; േരാഗികള്‍ തിരിച്ചുപോയി
Posted on: 03 Sep 2015
നീലേശ്വരം: നീലേശ്വരം താലൂക്ക് ആസ്പത്രിയിലെ ലബോറട്ടറി ദേശീയപണിമുടക്കിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചില്ല. മാസത്തില്‍ ഒരുതവണ മാത്രം നടക്കുന്ന ജീവിതശൈലീ രോഗ നിര്‍ണയക്യാമ്പ് നടക്കേണ്ടിയിരുന്നത് ബുധനാഴ്ചയാണ്. രോഗികള്‍ക്ക് പരിശോധനയും ഒരുമാസത്തേക്കുള്ള മരുന്നും വിതരണംചെയ്യുന്നതും ലബോറട്ടറി പ്രവര്‍ത്തിക്കാത്തതിനാല്‍ മുടങ്ങി.
ലബോറട്ടറിയിലെ രണ്ട് സ്ഥിരംജീവനക്കാര്‍ പണിമുടക്കുകാരണം ഹാജരാകുവാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ശേഷിക്കുന്ന ഒരു താത്കാലിക ഐ.സി.ഡി.സി. ലാബ് ടെക്നീഷ്യനും ഒരു താത്കാലിക ലാബ് അസിസ്റ്റന്റും ബുധനാഴ്ച ജോലിക്ക് എത്തിയില്ല. ഇതുകാരണം ജീവിതശൈലീരോഗനിര്‍ണയ ക്യാമ്പിന് എത്തിയ രോഗികള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു.
അതേസമയം ആസ്പത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഡോക്ടര്‍മാരും മറ്റുജീവനക്കാരും പതിവുസമയത്തുതന്നെ ജോലിക്കെത്തിയിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്നിട്ടും 300-ഓളം രോഗികള്‍ ബുധനാഴ്ച ആസ്പത്രിയില്‍ എത്തി.