നാട്ടുകാരെ ഭീതിയിലാഴ്ത്തി ദേശീയപാതയോരത്ത് ടാങ്കര്‍ ചെരിഞ്ഞു
Posted on: 03 Sep 2015
പെരിയ: ഭാഗ്യംകൊണ്ടുമാത്രമാണ് നിറയെ പാചകവാതകവുമായി വന്ന ടാങ്കര്‍ പൊട്ടാതിരുന്നത്. പാതാളഗര്‍ത്തങ്ങള്‍ നിറഞ്ഞ മൂലക്കണ്ടം ദേശീയപാതയാണ് ഗ്യാസ്ടാങ്കറിനും ലോറിജീവനക്കാര്ക്കും ഒരുപോലെ വിനയായത്.
മംഗലാപുരത്തുനിന്ന് പാചകവാതകം നിറച്ച് പാലക്കാട്ടേക്ക് പുറപ്പെട്ടതായിരുന്നു ഗ്യാസ് ടാങ്കര്‍. ദേശീയപാതയിലെ പെരിയമുതല്‍ വിഷ്ണുമംഗലംവരെയുള്ള കുഴിയില്ച്ചാടിയെത്തിയ ഗ്യാസ് ടാങ്കര്‍ മൂലക്കണ്ടം വളവിലെ വലിയ കുഴിയില്‍ പതിച്ചതോടെ ഗിയര്‍ബോക്സ് തകരാറിലായി.
തിങ്കളാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെതന്നെ ഡ്രൈവര്‍ സേലം സ്വദേശി ശെല്‍വരാജ് ഗ്യാസ് ടാങ്കറിന്റെ എന്‍ജിനുമായി വര്‍ക്ക്ഷോപ്പിലേക്ക് പോയി. പാചകവാതകം നിറച്ച ടാങ്കര്‍ ഇരുമ്പ് സ്റ്റാന്‍ഡില്‍ കയറ്റിയാണ് പോയത്. തിരച്ചെത്തിയപ്പോഴേക്കും ടാങ്കര്‍ മണ്ണില്‍ മൂക്കുകുത്തിയിരുന്നു. ഇളകിയ മണ്ണിലേക്ക് സ്റ്റാന്‍ഡ് താഴ്ന്നുപോയതാണ് ടാങ്കര്‍ ചെരിയാന്‍ ഇടയാക്കിയത്. ദേശീയപാതയിലെ ഏറ്റവും അപകടംനിറഞ്ഞ വളവിലാണ് ടാങ്കര്‍ ചെരിഞ്ഞത്. കാഞ്ഞങ്ങാട്ടുനിന്ന് ഫയര്‍ഫോഴ്സെത്തി അപകടസാധ്യത പരിശോധിച്ചു. ഹൈവേ പോലീസും സ്ഥലത്തെത്തി. അപകടം സൃഷ്ടിക്കുന്ന ഗ്യാസ് ടാങ്കര്‍ ഉടന്‍ നീക്കണമെന്ന് പോലീസ് നിര്‍ദേശം നല്കി. ക്രെയില്‍ എത്തി ടാങ്കറിലെ എന്‍ജിനുമായി ഘടിപ്പിച്ചുവെങ്കിലും ഗിയര്‍ ബോക്സ് നന്നാക്കി ലഭിക്കാത്തതിനാല്‍ ടാങ്കര്‍ നീക്കംചെയ്യാനായില്ല. വ്യാഴാഴ്ചമാത്രമേ അറ്റകുറ്റപ്പണി തീരുകയുള്ളൂവെന്ന് ഡ്രൈവര്‍ ശെല്‍വരാജ് പറഞ്ഞു.