യെച്ചൂരിയെ സ്വീകരിക്കാന്‍ ചെറുവത്തൂര്‍ ഒരുങ്ങി
Posted on: 03 Sep 2015
ചെറുവത്തൂര്‍: ജന്മി-നാടുവാഴിത്തത്തിനെതിരെ പോരാടി ഇതിഹാസം രചിച്ച കയ്യൂര്‍, തോല്‍വിറക് സമരചരിത്രം പാടുന്ന ചീമേനി, വിളകൊയ്ത്ത് സമരത്തിന്റെ സ്മരണകള്‍ നെഞ്ചേറ്റുന്ന ഉദിനൂരും തിമിരിയും നിരവധി കര്‍ഷകപോരാട്ടങ്ങള്‍ക്ക് വേദിയായ ക്ലായിക്കോടും തുരുത്തിയും പടന്നയും ഉള്‍പ്പെടുന്ന ചെറുവത്തൂരിലേക്ക് സി.പി.എമ്മിന്റെ അമരക്കാരന് വ്യാഴാഴ്ച ആദ്യമായെത്തുന്നു.
മൂന്നിന് വൈകിട്ട് അഞ്ചിന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചെറുവത്തൂരിലെത്തും. സി.പി.എമ്മിന്റെ ചെറുവത്തൂര്‍ ഏരിയയ്ക്കകത്തെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമൊരുക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു.
വൈകിട്ട് അഞ്ചിന് റെയില്‍വേ മേല്‍പ്പാല പരിസരം കേന്ദ്രീകരിച്ച് ചുവപ്പ് വോളന്റിയര്‍മാരുടെ മാര്‍ച്ച് നടക്കും. 5.30ന് ദേശീയപാതയില്‍നിന്ന് യെച്ചൂരിയെ സ്വീകരിച്ചാനയിക്കും. കേരളീയ വസ്ത്രം ധരിച്ച വനിതകള്‍, ബാന്‍ഡ് മേളം എന്നിവ അകമ്പടിയുണ്ടാകും. ആറിന് എ.കെ.ജി. ഭവന് ഉദ്ഘാടനത്തിന് ശേഷം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം. കേന്ദ്രക്കമ്മിറ്റിയംഗം പി.കരുണാകരന് എം.പി., സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞിരാമന് എം.എല്‍.എ., എം.വി.ബാലകൃഷ്ണന് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.