പി.ടി.എ. ഫണ്ട് തിരിമറി: അന്വേഷണം തുടങ്ങി

Posted on: 03 Sep 2015ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി.എ. ഫണ്ടില്‍ തിരിമറിനടന്നുവെന്ന പരാതിയില്‍ ധനകാര്യവകുപ്പ് പരിശോധന തുടങ്ങി. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ മുകുന്ദന്‍, ഷിജോ എന്നിവരടങ്ങിയ സംഘമാണ് സ്‌കൂളിലെത്തി പരിശോധനനടത്തിയത്.
ഈ അധ്യയനവര്‍ഷം ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 249 കുട്ടികള്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍, ഇതിലധികം രസീതുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. നേരത്തെ വാങ്ങിയ തുകയേക്കാള്‍ കുറഞ്ഞ സംഖ്യയ്ക്ക് രക്ഷിതാക്കള്‍ക്ക് രസീത് നല്കിയിരുന്നു.
വിദ്യാര്‍ഥികളില്‍നിന്ന് പി.ടി.എ. ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കും പിരിച്ചെടുത്ത തുകയില്‍നിന്ന് 31,200 രൂപ തിരിമറിനടത്തി എന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട പി.ടി.എ. അന്വേഷണത്തിനായി രണ്ട് അധ്യാപകരടങ്ങിയ കമ്മീഷനെ നിയോഗിച്ചിരുന്നു. തിരിമറിനടന്നതായി കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്ന് ചുമതലക്കാരനായ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് പി.ടി.എ. ശുപാര്‍ശചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഇതേ അധ്യാപകന്‍ ഹാജര്‍പുസ്തകത്തില്‍ തിരുത്തല്‍ നടത്തിയതിന്റെ രേഖകളും അന്വേഷണസംഘം കണ്ടെത്തി.

More Citizen News - Kasargod