മഞ്ചേശ്വരം റെയില്‍വേസ്റ്റേഷനില്‍ അടിസ്ഥാനസൗകര്യമൊരുക്കണം -വികസനസമിതി

Posted on: 03 Sep 2015മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേസ്റ്റേഷനില്‍ അടിസ്ഥാനസൗകര്യമൊരുക്കണമെന്ന് മഞ്ചേശ്വരം വികസനസമിതി ആവശ്യപ്പെട്ടു. റെയില്‍വേസ്റ്റേഷനോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വികസനസമിതിയുടെ നേതൃത്വത്തില്‍ ദക്ഷിണ കര്‍ണാടക എം.പി. നളിന്‍കുമാര്‍ കട്ടീലിന് നിവേദനംനല്കി.
യാത്രക്കാര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമില്ലാത്തതിനാല്‍ വെയിലും മഴയും ഏല്‌ക്കേണ്ട സ്ഥിതിയാണ്. ഗുഡ്‌സ് വാഹനങ്ങള്‍ ദിവസങ്ങളോളം ട്രാക്കില്‍ നിര്‍ത്തിയിടുന്നതുകാരണം സ്റ്റേഷനിലേക്കും പുറത്തേക്കും യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. പലപ്പോഴും നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനടിയിലൂടെയാണ് യാത്രക്കാര്‍ കടന്നുപോകുന്നത്. അപകടകരമായ ഈ സ്ഥിതിയൊഴിവാക്കാന്‍ മേല്പാലം നിര്‍മിക്കുക, വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ശൗചാലയം തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്കിയത്.
കഴിഞ്ഞദിവസം നളിന്‍കുമാര്‍ കട്ടീല്‍ എം.പി. മഞ്ചേശ്വരം റെയില്‍വേസ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. റെയില്‍വേസ്റ്റേഷന്റെ ശോച്യാവസ്ഥ ഗൗരവത്തിലെടുക്കുമെന്നും മംഗളൂരുവില്‍ചേരുന്ന പാലക്കാട് സോണിന്റെ അടുത്തയോഗത്തില്‍ വിഷയം െറയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്നും എം.പി. ഉറപ്പുനല്കി.
വികസനസമിതി ഭാരവാഹികളായ യാക്കൂബ് മൊയ്തീന്‍, എം.കെ.മജീദ്, എന്‍.കെ.ഇ. അബ്ബാസ്, വിട്ട്‌ല ആചാര്യ, എന്നിവര്‍ നിവേദനസംഘത്തിലുണ്ടായിരുന്നു. എം.പി.ക്കൊപ്പം ബി.ജെ.പി. നേതാക്കളായ സുരേഷ്‌കുമാര്‍ ഷെട്ടി, ഹരിശ്ചന്ദ്ര, സുധാമ, യോഗിഷ് കുച്ചിക്കാട്, ദാമോധര, യാദവ് ബഡാജെ എന്നിവരുമുണ്ടായിരുന്നു.

More Citizen News - Kasargod