ചെറുവത്തൂരിലും നീലേശ്വരത്തും വാഹനങ്ങള്‍ തടഞ്ഞു

Posted on: 03 Sep 2015ചെറുവത്തൂര്‍: തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്ക് ചെറുവത്തൂര്‍, കാലിക്കടവ്, ചീമേനി, പടന്ന പ്രദേശങ്ങളില്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. രാവിലെ റോഡിലിറങ്ങിയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. എന്നാല്‍ ഉച്ചയ്ക്കുശേഷം അത്യാവശ്യ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിച്ചു. ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തെ യന്ത്രവത്കൃത ബോട്ടുകളൊന്നും കടലിലിറങ്ങിയില്ല.
നീലേശ്വരത്ത് റോഡിലിറങ്ങിയ വാഹനങ്ങള്‍ പണിമുടക്കിയ തൊഴിലാളികള്‍ തടഞ്ഞു. അത്യാവശ്യം ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് പോകാന്‍ അനുവദിച്ചത്. തുടര്‍ന്ന് ചരക്കുലോറികളും മറ്റും ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും മാര്‍ക്കറ്റ് ജങ്ഷനില്‍ ധര്‍ണയും നടത്തി.
ധര്‍ണ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ശ്രീധരന്‍, എസ്.ടി.യു. നേതാവ് ഷംസുദ്ദീന്‍ ആയിറ്റി, നഗരസഭാധ്യക്ഷ വി.ഗൗരി, പി.അമ്പാടി, കെ.നാരായണന്‍, എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും അനുകൂലികളും കാലിക്കടവില്‍ നടത്തിയ പൊതുയോഗം ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാണിയാട്ട്, എം.എ. മജീദ്, ടി.വി.ജയചന്ദ്രന്‍, ടി.വി.വിനോദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ചെറുവത്തൂരില്‍ പൊതുയോഗം പി.ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എ.അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. എം.അമ്പൂഞ്ഞി, കെ.പി.വല്‍സലന്‍, കെ.കണ്ണന്‍, എന്‍.പി.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod