മംഗല്പാടി സി.എച്ച്.സി. പരിസരം ചീഞ്ഞുനാറുന്നു
Posted on: 02 Sep 2015
മഞ്ചേശ്വരം: മംഗല്പാടി സി.എച്ച്.സി. പരിസരപ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടി ചീഞ്ഞുനാറുന്നു. ദേശീയപാതയ്ക്കുസമീപം കൂട്ടിയിട്ട മാലിന്യമാണ് നീക്കംചെയ്യാതെ കിടക്കുന്നത്. ആശുപത്രിയിലേക്കെത്തുന്ന രോഗികളും യാത്രക്കാരുമെല്ലാം മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. മഴപെയ്യുമ്പോള്‍ പുറത്തേക്കൊഴുകുന്ന മാലിന്യം ദേശീയപാതയ്ക്കിരുവശവും തളംകെട്ടിനില്ക്കുന്നു. മാലിന്യപ്രശ്നം രൂക്ഷമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികള്‍. മാലിന്യം കുമിഞ്ഞുകൂടിയതോടെ തെരുവുനായ്ക്കളുടെ ശല്യവും കൂടിവരുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. തൊട്ടടുത്ത് ഉപ്പള ടൗണിലും സ്ഥിതി വ്യത്യസ്തമല്ല. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ നീക്കംചെയ്യാതെ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. സി.എച്ച്.സി. പരിസരത്തും ഉപ്പള ടൗണിലും വിവിധ ഭാഗങ്ങളില്‍ നീക്കം ചെയ്യാതെ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. സി.എച്ച്.സി. പരിസരത്തും ഉപ്പള ടൗണിലും വ്യാപാരികളുടെ നേതൃത്വത്തില്‍ മാലിന്യം തള്ളുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും യഥാസമയം ഇവിടെനിന്ന് മാലിന്യം നീക്കംചെയ്യാന്‍ പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.