ചെറുവത്തൂര്‍ തുറമുഖത്ത് ചാകര
Posted on: 02 Sep 2015
റുവത്തൂര്‍: ആഗസ്ത് 21-ന് നാടിന് സമര്‍പ്പിച്ച ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചാകരയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത ദിവസം രണ്ട് ബോട്ടുകളിലെത്തിയത് അയക്കൂറയാണ്. എന്നാല്‍, തുറമുഖ നടത്തിപ്പ് ആശാസ്യമല്ലെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
മീന്‍പിടിച്ചെത്തുന്ന ബോട്ടുകളില്‍നിന്ന് മീന്‍ ഇറക്കുന്നതുമുതല്‍ മീന്‍ വിറ്റുതീരുന്നതുവരെ ലേലപ്പുരയില്‍ വഴക്കാണ്. മീന്വില്പനയുമായി ബന്ധപ്പെട്ട് ചൊവ്വഴ്ച രാവിലെ ഇരുവിഭാഗം കൈയാങ്കളിയുടെ വക്കിലെത്തി. ഒടുവില്‍ ചന്തേരയില്നിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ലേലപ്പുരയില്‍ മീന്‍ മുറിച്ചുകൊടുക്കുന്നതുള്പ്പെടെയുള്ള സമാന്തര വില്പന തുടങ്ങിയത് പരമ്പരാഗത മത്സ്യവില്പന തൊഴിലാളികള്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവിഭാഗം ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുസംരംഭമായി 29.6 കോടി രൂപ ചെലവിട്ട് പണിത തുറമുഖനിയന്ത്രണത്തിന് നാഥനില്ലാത്ത സ്ഥിതിയാണിന്ന്.
ബോട്ട് അടുക്കുമ്പോള്‍ തോന്നിയതുപോലെ ഏജന്റുമാര്‍ ചാടിക്കയറി മീന്‍ സ്വന്തമാക്കി ലേലം വിളിക്കുകയാണിവിടെ. ലേലം വിളിച്ചുകൊടുത്തതില്നിന്ന് ഒരുഭാഗം ലേലംവിളിച്ച ഏജന്റ് വാരിയെടുക്കുകയും ചെയ്യും. നാലോ, അഞ്ചോ ബോട്ടുകളുടെ ലേലം കഴിഞ്ഞാല്‍ ഒരുകൊട്ടയിലധികം മീന്‍ ഇയാള്‍ക്ക് സ്വന്തമാകും.
കടലില്‍പ്പോയി മീന്‍പിടിക്കുന്ന തൊഴിലാളികള്‍ക്കും ബോട്ടുടമകള്‍ക്കും കിട്ടുന്നതിനേക്കാള്‍ ഏജന്റുമാരാണ് ഇവിടെ ലാഭമുണ്ടാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റിയയക്കുന്നതിന് മീന്‍ സംഭരിക്കുന്ന കേന്ദ്രം കൂടിയാണ് മടക്കര. ലേലപ്പുരയില്‍ മീന്‍ മുറിച്ച് വില്പനയും സമാന്തര വില്പനയും തുടങ്ങിയതോടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുന്നതിന് മുമ്പേ വൃത്തിരഹിത ചുറ്റുപാടായി.
ചില ബോട്ടുടമകളും തൊഴിലാളികളും മീന്വില്പനക്കാരായെന്നും ആക്ഷേപമുണ്ട്. മീന്ചോരയും മലിനജലവും ലേലപ്പുരയില്‍ പരക്കാന്‍ തുടങ്ങി. പുതിയതായി പണിത ഓവുചാല്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഒഴുക്കിവിടാന്‍ സൗകര്യവുമില്ല.
പുതിയ തുറമുഖം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ പഴയ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ എല്ലാ തൊഴിലാളിസംഘടനകളും കൂടിയാലോചനയിലൂടെ തീരുമാനിച്ചതാണ്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞതോടെ തുറമുഖവകുപ്പും ഹാര്‍ബര്‍ ഡവലപ്മെന്റ് കമ്മിറ്റിയും നോക്കുകുത്തിയായി. തുറമുഖനിയന്ത്രണം പത്തോ പന്ത്രണ്ടോ വരുന്ന ഏജന്റുമാരുടെ കൈകളിലായി.